Quantcast

സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി; സൗദി നിയമം പരിഷ്‌കരിച്ചു

MediaOne Logo

Web Desk

  • Published:

    26 Dec 2019 12:33 AM IST

സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതി; സൗദി നിയമം പരിഷ്‌കരിച്ചു
X

സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാവാന്‍ വിദേശ കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ധനകാര്യ മന്ത്രാലയം നിയമം പരിഷ്‌കരിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പങ്കാളിത്വം വഹിക്കാന്‍ അനുമതി നല്‍കുന്നതാണ് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പരിഷ്‌കരിച്ച നിയമം.

രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ നിയമ നിര്‍മ്മാണം. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും, പബ്ലിക് ലിസ്‌റ്റഡ് കമ്പനികള്‍ക്കും സര്‍ക്കാര്‍ ക്ഷണിക്കുന്ന പൊതു പദ്ധതികളില്‍ പങ്കാളിത്തം അനുവദിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. ധനകാര്യ മന്ത്രാലയമാണ് നിയമം പരിഷ്‌കരിച്ചത്.

സര്‍ക്കാര്‍ പുറത്തിറക്കുന്ന പൊതു ടെന്‍ഡറുകളില്‍ പങ്കെടുക്കുക, സാധ്യതാ പഠനങ്ങള്‍ നടത്തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയില്‍ ഇനി മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കും. നിലവില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകം ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അനുമതിയുള്ളത്.

തദ്ദേശിയ സംരഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെയും ഭാഗമായാണ് പരിഷ്‌കരണം. പദ്ധതികളിലും സേവനങ്ങളിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ സംരഭകര്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പദ്ധതികള്‍ ഇനി മുതല്‍ ഇത്തിമാഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പ്രസിദ്ധീകരിക്കും.

ടെന്‍ഡറുകളുടെയും കരാറിന്റെയും എല്ലാ ഘട്ടങ്ങളിലുമുള്ള പരാതികളും, നിയമ ലംഘനങ്ങളും, തര്‍ക്കങ്ങളും പരിഗണിക്കുന്നതിനും ഓണ്‍ലൈന്‍ വഴി സംവിധാനമേര്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികളുടെ സമഗ്രതയും, സുതാര്യതയും, സമത്വവും ഉറപ്പ് വരുത്തുന്നതിന്റെ കൂടി ഭാഗമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story