ലോക വിനോദ സഞ്ചാരികളുടെ ഇഷ്ട ലിസ്റ്റില്‍ സൗദി അറേബ്യയും
ചൈനീസ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് പൗരാണിക ഗ്രാമമായ അല്‍ഉലയാണെന്നും പഠനം വ്യക്തമാക്കുന്നു

ലോക വിനോദ സഞ്ചാരികളുടെ ഇഷ്ട ലിസ്റ്റില്‍ സൗദി അറേബ്യ ഇടം പിടിച്ചതായി സര്‍വേ ഫലം. ബ്രിട്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര മാര്‍ക്കറ്റിങ് സര്‍വേ ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോക തലത്തില്‍ അഞ്ചില്‍ ഒരാള്‍ തങ്ങളുടെ അവധിക്കാലം ചെലവഴിക്കാന്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ തെരഞ്ഞെടുക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ് സര്‍വേ ഏജന്‍സിയായ 'യുഗോ'വാണ് സര്‍വേഫലം പ്രസിദ്ധീകരിച്ചത്. അമേരിക്ക, ചൈന, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരില്‍ അഞ്ചിലൊരാള്‍ വിനോദ സഞ്ചാരലക്ഷ്യത്തോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും, വിനോദ സഞ്ചാരികളില്‍ 22 ശതമാനം പേര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സൗദിയോട് പ്രിയം കാണിച്ചു വരുന്നതായുമാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിനിടയില്‍ സൗദി വിനോദ സഞ്ചാര പൈതൃക കമീഷന്‍ രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല ലോക ടൂറിസ്റ്റുകള്‍ക്കായി തുറന്ന് നല്‍കിയത് ഇവരുടെ താല്‍പര്യം വര്‍ധിക്കുന്നതിന് ഇടയാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ ടൂറിസം വിസ അനുവദിച്ചത് മുതല്‍ ചൈന, ബ്രിട്ടന്‍, മലേഷ്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സൗദി അറേബ്യയിലെത്തിയത്. ഇവരെ പ്രധാനമായും ആകര്‍ഷിച്ചത് രാജ്യത്തെ ചരിത്രസ്ഥലങ്ങളാണ്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ജിദ്ദയിലെ പുരാതന നഗരമാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതെന്നും സര്‍വേയില്‍ വ്യക്തമായി.
ചൈനീസ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് പൗരാണിക ഗ്രാമമായ അല്‍ഉലയാണെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തിരണ്ടാമത് അറബ് ലീഗ് ടൂറിസം മന്ത്രിതല സമ്മേളനത്തില്‍ യുഗോവിന്റെ സര്‍വേ ഫലം സൗദി അറേബ്യ അവതരിപ്പിച്ചിരുന്നു. സൗദിക്ക് പുറമെ അറബ് മേഖലയിലാകെ വിനോദ സഞ്ചാര അഭിവൃദ്ധിക്ക് ഈ കണ്ടെത്തലുകള്‍ സഹായം ചെയ്യുമെന്ന് സമ്മേളനം വിലയിരുത്തി.
Adjust Story Font
16

