സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ കൂടുതൽ രാജ്യങ്ങള്‍ക്ക് അനുവദിച്ചു തുടങ്ങി
സൌദിയിലെത്തുന്ന സമയത്തും തിരിച്ച് പോകുന്ന സമയത്തും വിസ കാലവധിയുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്

സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ കൂടുതൽ രാജ്യങ്ങള്‍ക്ക് അനുവദിച്ചു തുടങ്ങി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെൻഗൺ വിസയുള്ളവർക്കുമാണ് പുതിയതായി വിസ അനുവദിച്ച് തുടങ്ങിയത്. ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കും.
കഴിഞ്ഞ സെപ്തംബർ 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയത്.
സൌദിയിലെത്തുന്ന സമയത്തും തിരിച്ച് പോകുന്ന സമയത്തും വിസ കാലവധിയുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ അതത് രാജ്യങ്ങളില്‍ ഒരു തവണയെങ്കിലും പോയി പ്രവേശന വിസ സ്റ്റാമ്പ് പതിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇങ്ങിനെയുള്ളവർക്ക് അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിക്കും. ഇതുപ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്കും ഓൺ അറൈവൽ വിസ ലഭ്യമാകും. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ തന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ജനുവരി ഒന്നാം തിയതി മുതലാണ് പ്രാബല്യത്തിലായത്. അതേ സമയം ഇത്തരം നിബന്ധനകളില്ലാതെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലുള്ളവർക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ഡിസംബർ മുതൽ അനുവദിച്ചു തുടങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല.
Adjust Story Font
16

