സൗദിയില്‍ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികളിലും സ്വദേശി വത്ക്കരണം
ഇതോടെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജോലി ചെയ്ത് വരുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

സൗദിയില്‍ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജോലി ചെയ്ത് വരുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. രാജ്യത്ത് ടാക്‌സി മേഖല നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സൗദി ടൂറിസം കമ്മീഷനുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി നടപ്പിലാക്കി വരുന്ന നവീകരണത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. നിലവിലെ ടാക്‌സി സംവിധാനങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതാണ് പദ്ധതി. പുതിയ മാറ്റമനുസരിച്ച് എയർപോർട്ടുകളിൽ പച്ച നിറത്തിലുള്ള ടാക്സികൾ സേവനമാരംഭിച്ചു.
ആദ്യ ഘട്ടത്തില്‍ എയര്‍പോര്‍ട്ടുകളില്‍ മാത്രമായി നടപ്പിലാക്കി വരുന്ന പച്ച ടാക്‌സി സംവിധാനം ഘട്ടം ഘട്ടമായി മറ്റു ടാക്‌സികളിലേക്കും വ്യാപിപ്പിക്കും. കൂടാതെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതര്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദേശ ഡ്രൈവര്‍മാരുടെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലെ അക്കൗണ്ട് അവസാനിപ്പിക്കുന്നതായി ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്‍കിതുടങ്ങി.
കരീം, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജോലി ചെയ്തുവരുന്ന നിരവധി വിദേശികളാണ് ഇതോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയത്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ നിന്ന് തൊഴില്‍ നഷ്ടപെടുന്ന വിദേശികള്‍ക്ക്, അവരുടെ കാറുകള്‍ പരിഷ്‌കരിച്ച രീതിയനുസരിച്ച് പച്ച ടാക്‌സികളോ, പബ്ലിക് ടാക്‌സികളോ ആക്കി മാറ്റുകയോ മാത്രമേ വഴിയുള്ളൂ.
Adjust Story Font
16

