മീഡിയവണ്‍ മെഗാ ഷോ പ്രവാസോത്സവത്തിന് ഒരുങ്ങി ജിദ്ദ
സൗദി അറേബ്യയിലേക്ക് ആദ്യമായെത്തുന്ന യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരനാണ് പരിപാടിയിലെ മുഖ്യ അതിഥി

സൗദിയിലെ ഏറ്റവും വലിയ മെഗാ ഷോയുമായി മീഡിയവണ്‍ ടിവി ഒരുക്കുന്ന പ്രവാസോത്സവത്തിന് ജിദ്ദ തയ്യാറായി. ഫെബുവരി ഏഴിനാണ് പ്രവാസോത്സവം ജിദ്ദയില്‍ അരങ്ങേറുക. സൗദി ഭരണകൂടത്തിന്റെ അനുമതിയിൽ എന്റര്‍ടെയ്ന്റ്മെന്റ് അതോറിറ്റിയുടെ ലൈസന്‍സോടെയാണ് പരിപാടി. നടന്‍ പ്രിഥ്വിരാജുള്‍പ്പെടെ വന്‍ താരനിരയാണ് ജിദ്ദയിലെത്തുക. മെഗാ പരിപാടിയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ജിദ്ദയില്‍ നടന്നു.
നടന്ന അറബ് രാജ്യങ്ങളിലെല്ലാം കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച മെഗാ ഷോയാണ് മീഡിയവണ്‍ പ്രവാസോത്സവം. സൗദിയിലേക്ക് ആദ്യമായെത്തുന്ന പ്രവാസോത്സവത്തിന് മുപ്പതിനായിരം പേര്‍ക്ക് അനായാസം ഇരിക്കാവുന്ന പടുകൂറ്റന്‍ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്.
സൗദി അറേബ്യയിലേക്ക് ആദ്യമായെത്തുന്ന യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരനാണ് പരിപാടിയിലെ മുഖ്യ അതിഥി. മണിക്കൂറിലേറെ നീളുന്ന സംഗീത വിസ്മയമൊരുക്കാന്‍ സ്റ്റീഫന്‍ ദേവസ്സി. വയലിന്‍ തന്ത്രികളില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍, ജനഹൃദയങ്ങളെ ത്രസിപ്പിച്ച ചലച്ചിത്ര മാപ്പിള ഗാനങ്ങളുമായി വിധു പ്രതാപ്, മഞ്‍ജരി, അന്‍വര്‍ സാദത്ത്, ശ്യാം, അഖില ആനന്ദ്, അനിത ഷൈഖ് എന്നിവരും കൂടെ ഒട്ടനേകം പുതുതലമുറ ഗായകരും വേദിയിലെത്തും.
സമകാലീന സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തിയ തകര്‍പ്പന്‍ കോമഡി മേളവുമായി നവാസ് വള്ളിക്കുന്നും, കബീറും, സുരഭിയും അടങ്ങുന്ന കോമഡി സംഘവും രാജ് കലേഷും സദസ്സിന് ചിരിയുടെ മാലപ്പടക്കം തീര്‍ക്കും. ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ പന്ത്രണ്ട് വരെ അഞ്ച് മണിക്കൂര്‍ ഇടവേളകളില്ലാതെ നീളുന്ന വിനോദവും സംഗീതവും കോമഡിയും നിറഞ്ഞതാകും പരിപാടി.
സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ മെഗാഷോ കൂടിയാകും പ്രവാസോത്സവം. ടിക്കറ്റ് വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം ജിദ്ദയിലെ സിഫ് ഫുട്ബോള്‍ മത്സരം നടക്കുന്ന ഗ്രൌണ്ടില്‍ വെച്ച് ജെ.എന്‍.എച്ച് ചെയര്‍മാന്‍ വി.പി മുഹമ്മദലി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രക്ക് നല്‍കി നിര്‍വഹിച്ചു. 50 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. നൂറോളം താരങ്ങളും കലാകാരന്മാരുമാണ് ഇന്ത്യയില്‍ നിന്നും ഇതിനായി സര്‍ക്കാര്‍ അനുമതിയോടെ എത്തുന്നത്.
ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടെയേും സൗദി ഭരണകൂടത്തിന്റേയും ചട്ടങ്ങള്‍ പാലിച്ച് ജിദ്ദയില്‍ നടക്കാന്‍ പോകുന്ന, ആദ്യത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഇവന്റായി പ്രവാസോത്സവം മാറും. സൗദിയിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിലെത്തും.
അഞ്ച് മണിക്കൂര്‍ നീളുന്ന സംഗീത വിനോദ കോമഡി ബാന്‍ഡ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ആദ്യ ഭാഗം പൂര്‍ത്തിയായി. ഇന്നു മുതല്‍ കൂടുതല്‍ ടിക്കറ്റുകള്‍ കാണികള്‍ക്കായുണ്ട്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി 20 കേന്ദ്രങ്ങളിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും ടിക്കറ്റുകള്‍ ലഭിക്കും.
Adjust Story Font
16

