സൗദി പൗരന്‍മാര്‍ക്കുള്ള വിസ നടപടികള്‍ ഇന്ത്യ ലഘൂകരിച്ചു
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ് വിസകള്‍ക്കുള്ള നടപടികളാണ് ലഘൂകരിച്ചത്

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസാ നടപടികള്‍ ലഘൂകരിച്ചു. ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ് വിസകള്‍ക്കുള്ള നടപടികളാണ് ലഘൂകരിച്ചത്. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചു.
ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-വിസാ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇ-വിസാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി വിസക്ക് അപേക്ഷിക്കാന്‍ ഇത് വഴി സൗദി പൗരന്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇത് കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് കുറച്ചും ദീര്‍ഘകാല വിസകള്‍ അനുവദിച്ചുമാണ് പുതിയ ഉത്തരവ്. മള്‍ട്ടി എന്‍ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്കുള്ളതിന് 25 ഡോളറാണ് പുതുക്കിയ നിരക്ക്. ഇത് ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലാണെങ്കില്‍ പത്ത് ഡോളര്‍ മാത്രമാണ് ചാര്‍ജ്.
ഒരു വര്‍ഷത്തേക്കുള്ള മല്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ ഫീസ് 80 ഡോളറില്‍ നിന്ന് നാല്‍പത് ഡോളറായും കുറച്ചു. 80 ഡോളര്‍ നല്‍കിയാല്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും. ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനും നാല് ദിവസം മുമ്പ് അപേക്ഷ നല്‍കിയാല്‍ ഇനി വിസ ലഭിക്കും. ഇ-വിസക്ക് പുറമെ എംബസി വഴിയുള്ള പേപ്പര്‍ വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 19,116 ഇ-വിസകളും 18,598 പേപ്പര്‍ വിസകളുമാണ് സൗദി പൗരന്‍മാര്‍ക്കായി ഇന്ത്യ അനുവദിച്ചത്.
Adjust Story Font
16

