Quantcast

ഗാർഹിക തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറാൻ അനുമതി നൽകുമെന്ന് സൗദി തൊഴിൽ മന്ത്രാലയം 

MediaOne Logo

Web Desk

  • Published:

    1 Feb 2020 1:44 AM IST

ഗാർഹിക തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറാൻ അനുമതി നൽകുമെന്ന് സൗദി തൊഴിൽ മന്ത്രാലയം 
X

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറാൻ അനുമതി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരു വർഷത്തിലധികമായി ഇഖാമ പുതുക്കിയിട്ടില്ലാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മലയാളികളുൾപ്പെടെ വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ വീട്ട് ജോലി ചെയ്യുന്ന നിരവധി ആളുകൾക്ക് ആശ്വാസകരമാകുന്നതാണ് പുതിയ മാറ്റം.

വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്, സ്ഥാപനങ്ങളുടെ പേരിലേക്ക് വിസയും തസ്തികയും മാറാന്‍ അനുവദിക്കുന്നതാണ് പുതിയ ചട്ടം. ഏഴ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയില്‍ ഇങ്ങനെ ഒരു മാറ്റം അനുവദിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ ശാഖകളില്‍ നിന്ന് നേരിട്ടാണ് ഈ സേവനം അനുവദിക്കുക. ഓണ്‍ലൈന്‍ വഴി ഈ സേവനം ഇപ്പോൾ അനുവദിക്കില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതലായി പുതുക്കിയിട്ടില്ലാത്തതായിരിക്കണം. തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ മന്ത്രാലയം പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ഫോമിൽ ആവശ്യമായ വിവരങ്ങൽ നൽകി അപേക്ഷ സമർപ്പിക്കണം. ട്രാൻസ്ഫർ പ്രക്രിയയും തൊഴിൽ മാറ്റവും പൂർത്തിയാകുന്നതിനുമുമ്പ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സ്പോൺസർഷിപ്പ് കൈമാറാൻ സമ്മതിക്കുന്നതായ നിലവിലെ തൊഴിലുടമയുടെ സമ്മത പത്രവും തൊഴിലാളിയെ സ്വീകരിക്കുവാൻ തയ്യാറാണെന്ന് തെളിയിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സമ്മത പത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പുതിയ തൊഴിലാളിയെ സ്വീകരിക്കുന്നതോടെ സ്ഥാപനത്തിൻ്റെ പദവി ഇടത്തരം പച്ച വിഭാഗത്തിനും താഴേക്ക് വരാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

Next Story