Quantcast

പരമാധികാര രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് സൗദി

MediaOne Logo

Web Desk

  • Published:

    2 Feb 2020 2:12 AM IST

പരമാധികാര രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് സൗദി
X

പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റങ്ങളെ ശക്തമായി അപലപിക്കുന്നതായി സൗദി അറേബ്യ. ബുര്‍കിനാ ഫസോയില്‍ വെച്ച് നടക്കുന്ന പതിനഞ്ചാമത് ഒ.ഐ.സി ഉച്ചകോടിയിലാണ് രാജ്യങ്ങളുടെ കടന്നു കയറ്റത്തിനെതിരെയും ഭീകര വാദത്തിനെതിരെയുമുള്ള സൗദിയുടെ നിലപാട് അറിയിച്ചത്.

ഒ.ഐ.സി ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിച്ച സൗദി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അബ്ദുല്ല അല്‍ ശൈഖാണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെയും, മേഖലയിലെ രാഷ്ട്രങ്ങളെയും അവയുടെ സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് തീവ്രാവാദ സേനകളെയും മിലിഷ്യ ഗ്രൂപ്പുകളെയും പിന്തുണക്കുന്നതിനെയും രാജ്യം ശക്തമായി അപലപിക്കുന്നതായി അബ്ദുല്ല അല്‍ ശൈഖ് പറഞ്ഞു.

മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കുക. രാജ്യങ്ങളുടെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കുക. അഭിപ്രായ വിത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കുവാനുള്ള വഴികള്‍ ആരായുക തുടങ്ങിയവയാണ് ഒ.ഐ.സിയുടെ അടിസ്ഥാന തത്വങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോക സമാധാനവും പ്രാദേശിക സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം മനുഷ്യാവകാശങ്ങളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും ബഹുമാനിക്കുന്നതിനും യുഎന്നിന്റെയും അതിനു കീഴിലുള്ള പ്രത്യേക ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായും ഫലപ്രദമായും സംഭാവനകളര്‍പ്പിക്കുന്നത് തന്റെ രാജ്യം തുടുരുമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികള്‍ക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനും ജറുസലേം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത് എന്നും അബ്ദുല്ല അല്‍ ശൈഖ് വ്യക്തമാക്കി.

TAGS :

Next Story