നിരീക്ഷണത്തിലിരിക്കെ സൗദിയിലേക്ക് കടന്ന ഇന്ത്യന്‍ സഹോദരിമാരുടെ ഐസൊലേഷന്‍ അവസാനിപ്പിച്ചു
ഇവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു

നിരീക്ഷണത്തിലിരിക്കെ സൗദിയിലേക്ക് കടന്ന ഇന്ത്യന്‍ സഹോദരിമാരുടെ ഐസൊലേഷന്‍ അവസാനിപ്പിച്ചു. ഇരുവര്‍ക്കും കൊറോണ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെത്തുന്നതിന് മുമ്പ് ചൈന സന്ദര്‍ശിച്ചിരുന്നു എന്ന കാരണത്താലാണ് സഹോദരിമാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.
ചൈന സന്ദര്‍ശിക്കുക വഴി കൊറോണ വൈറസ് ബാധയേറ്റുവെന്ന് സംശയിക്കുന്ന രണ്ട് ഇന്ത്യന്‍ സഹോദരിമാര്‍ സൗദിയിലേക്ക് കടന്നതായ വാര്‍ത്ത നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 3ന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവര്‍ സൗദിയിലേക്ക് പ്രവേശിച്ചത്. സൗദിയിലെത്തിയ ഇവര്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലിരിക്കെ, ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചതാണ്. ഇതിന് പിറകെയാണ് ഇരുവരുടേയും ഐസൊലേഷന്‍ അവസാനിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഇവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. കൂടാതെ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയശേഷം സൗദിയിലെത്തുന്നതിന് മുമ്പ് മൂന്നാഴ്ചയോളം ഇവര്‍ ഇന്ത്യയില്‍ താമസിച്ചിരുന്നു. വൈറസ് വ്യാപിക്കുവാനാവശ്യമായ കാലയളവ് രണ്ടാഴ്ചയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഐസൊലേഷന്‍ അവസാനിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

