Quantcast

നിയമലംഘകരെ പിടിക്കാൻ പരിശോധന ശക്തമാക്കി സൗദി

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

MediaOne Logo

Web Desk

  • Published:

    19 Feb 2020 11:41 PM IST

നിയമലംഘകരെ പിടിക്കാൻ പരിശോധന ശക്തമാക്കി സൗദി
X

താമസ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതുള്ള പരിശോധന സൗദിയിലെ ജിദ്ദയിലും മക്കയിലും ശക്തമാക്കി. പിടിയിലായ 500 ലധികം ഇന്ത്യക്കാര്‍ മക്കയിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇവരെ എത്രെയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ജിദ്ദയിലും മക്കയിലുമാണ് ശക്തമായ പരിശോധന നടക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലെ കണക്കനുസരിച്ച്, രണ്ട് വര്‍ഷം കൊണ്ട് 44 ലക്ഷത്തിലധികം പ്രവാസി നിയമലംഘകരെ പിടികൂടിയിരുന്നു. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ജവാസാത്ത് വിഭാഗം ഉള്‍പ്പെടെ 19 മന്ത്രാലയങ്ങളേയും സര്‍ക്കാര്‍ വകുപ്പുകളേയും ഉള്‍പ്പെടുത്തിയായിരുന്നു കാമ്പയിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനയും.

താമസ, തൊഴിൽ നിയമലംഘകരെയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘകർക്ക് തൊഴിൽ, യാത്രാ, താമസ സഹായങ്ങൾ നൽകുന്നതും കുറ്റകരമാണ്. നിയമലംഘനത്തിന് പിടിക്കപ്പെട്ട 500 ലധികം ഇന്ത്യക്കാര്‍ നിലവില്‍ മക്ക ശുമൈസി തര്‍ഹീലിലുണ്ട്. ഇതില്‍ 150 ലധികം പേരുടെ യാത്ര രേഖകള്‍ ശരിയായതായും ശേഷിക്കുന്നവരുടെ യാത്ര രേഖകള്‍ ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നതായും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ലെവി അടക്കാതിരിക്കാനായി ഹൗസ് ഡ്രൈവര്‍ വിസയിലെത്തി മറ്റുജോലികളിലേര്‍പ്പെടുന്ന നിരവധി പേരെ ഇതിനോടകം തന്നെ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്.

TAGS :

Next Story