Quantcast

കോവിഡ് 19: സൗദിയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് മതകാര്യവകുപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി

MediaOne Logo

Web Desk

  • Published:

    10 March 2020 3:12 AM IST

കോവിഡ് 19: സൗദിയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് മതകാര്യവകുപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി
X

സൗദിയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് മതകാര്യവകുപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ബാങ്ക് വിളിച്ച് പത്ത് മിനിറ്റിനകം നമസ്കാരം ആരംഭിക്കണം. വെളളിയാഴ്ചകളിലെ ജുമുഅ, ബാങ്ക് വിളിച്ച് 15 മിനിറ്റിനകം പൂർത്തിയാക്കണമെന്നും മതകാര്യവകുപ്പ് നിർദേശം നൽകി.

രാജ്യത്ത് കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങി തുടങ്ങിയത്. ഇതിന്റെ ഭാഗമായി പള്ളികളിലെ നമസ്‌കാരങ്ങള്‍ക്കും മറ്റു ആരാധന കര്‍മ്മങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്കിനും ഇഖാമത്തിനുമിടയില്‍ പത്ത് മിനിറ്റിലധികം ഇടവേള പാടില്ലെന്നും, വെള്ളിയാഴ്ചകളില്‍ ഖുത്ബാ പ്രഭാഷണമുള്‍പ്പെടെ 15 മിനുട്ടില്‍ കൂടുതല്‍ സമയം ഉപയോഗിക്കാന്‍ പാടില്ലെന്നും മതകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

പുറത്ത് നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പള്ളികളിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്, പള്ളികളിലുള്ള ഭക്ഷണങ്ങള്‍, ഈത്തപ്പഴം, ഉപയോഗിച്ച കപ്പ് തുടങ്ങിയവ നീക്കം ചെയ്യണമെന്നും, പള്ളികളില്‍ ഇഫ്താര്‍ സംഘടിപ്പിക്കുവാനോ, ഇഅ്തികാഫിരിക്കുവാനോ അനുവാദമില്ലെന്നും ഉത്തരവില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആളുകള്‍ കൂട്ടത്തോടെ സംഘടിക്കുവാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി റിയാദിലെ ബോളിവാര്‍ഡ്, വണ്ടര്‍ലാന്റ് എന്നിവിടങ്ങളിലെ വിനോദ പരിപാടികള്‍ നിറുത്തിവെക്കുകയും ഇവ അടച്ച് പൂട്ടുകയും ചെയ്തു. റിയാദ് സീസണിന്റെ ഭാഗമായി ആരംഭിക്കുകയും, പിന്നീട് മാര്‍ച്ച് പതിനഞ്ച് വരെ നീട്ടിവെക്കുകയും ചെയ്തതായിരുന്നു ഇവിടത്തെ പരിപാടികൾ.

TAGS :

Next Story