കോവിഡ്-19: സൗദിയില്‍ 600 പേര്‍ നിരീക്ഷണത്തില്‍, 15 രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം

സൗദി അറേബ്യയില്‍ കോവിഡ്-19 സംശയമുള്ള മലയാളിയുള്‍പ്പെടെ 600 പേര്‍ നിരീക്ഷണത്തില്‍. വിദേശത്ത് വിനോദയാത്രക്ക് പോയ മലയാളിയുടെ പരിശോധനാ ഫലത്തില്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം പതിനഞ്ചായതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഈ രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകളിലെത്തിയ ഇന്ത്യക്കാരും കുടുങ്ങി.
സൗദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 15ല്‍ 14 പേരും ഉള്ളത് കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്. തലസ്ഥാനമായ റിയാദില്‍ ഇന്ന് ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യു.എസ് പൌരനാണ് റിയാദില്‍ ചികിത്സയിലുള്ളത്. ഖത്തീഫില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നില്‍ രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് നാലാമത്തെയാള്‍. ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് പ്രവേശനം നിരോധിച്ചു. ഇവിടേക്ക് പോകുന്നവരെ തിരിച്ചു വിടുന്നുമില്ല. നിലവില്‍ 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തില്‍. ഇതില്‍ 400 പേരുടെ സാമ്പിള്‍ ഫലങ്ങളും നെഗറ്റീവാണ്. വിദേശത്ത് പോയി വന്ന മലയാളിയും മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തിലാണ്. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരും. ചൈനയടക്കം 15 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യം വിലക്കേര്‍പ്പെടുത്തി. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ലബനാന്‍, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, തുര്‍ക്കി, ജര്‍മനി ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്കുണ്ട്. ഇതുവഴി കണക്ഷന്‍ ഫ്ലൈറ്റുകളിലെത്തിയ മലയാളികളേയും തിരിച്ചയച്ചു. ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം വിമാനക്കമ്പനികള്‍ റദ്ദാക്കി. ജി.സി.സിയിലെ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കോടെ കൊറോണ ഭീതി വാണിജ്യ വ്യവസായ മേഖലയേയും ബാധിക്കുകയാണ്.
Adjust Story Font
16

