സൗദിയില്‍ ജുമുഅയും പള്ളികളിലെ നമസ്‌കാരവും നിര്‍ത്തി വെച്ചു; ഇരു ഹറമുകള്‍ക്കും ബാധകമല്ല
സൌദി പണ്ഡിത സഭയാണ് തീരുമാനം അറിയിച്ചത്

സൌദിയില്‍ പള്ളികളില്‍ വെച്ചുള്ള പ്രാര്‍ഥനകള്‍ നിര്‍ത്തി വെച്ചു. പള്ളികളില്‍ ബാങ്കുവിളി തുടരാനും പ്രാര്‍ഥന താമസസ്ഥലത്ത് നടത്താനും നിര്‍ദേശം. വെള്ളിയാഴ്ച ജുമുഅയടക്കം നടത്തരുതെന്ന് സൌദി പണ്ഡിത സഭ. മക്ക മദീന ഹറമുകളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കി. കോവിഡ് നയന്‍റീന്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൌദി പണ്ഡിത സഭയാണ് തീരുമാനം എടുത്തത്. പള്ളികളിലെ ബാങ്കു വിളികളില്‍ പ്രാര്‍ഥന വീട്ടില്‍ വെച്ച് നിര്‍വഹിക്കണമെന്ന ആഹ്വാനമുണ്ടാകും. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിനാല്‍ ഇശാഅ് (ഇസ്ലാം മത വിശ്വാസികളുടെ ഒരു ദിവസത്തെ അവസാനത്തെ നിര്‍ബന്ധ നമസ്കാരം) സമയം മുതല്‍ പള്ളികളില്‍ നമസ്കാരങ്ങള്‍ ഉണ്ടാകില്ല.
റിയാദില്‍ വെച്ചാണ് സൌദി പണ്ഢിത സഭയുടെ തീരുമാനം. നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സമാന തീരുമാനം എടുത്തിരുന്നു. ഇസ്ലാമിക രാജ്യങ്ങളായതിനാല്‍ പതിനായിരക്കണക്കിന് പള്ളികളുണ്ട് ഓരോ ഗള്‍ഫ് രാജ്യങ്ങളിലും. ഏറ്റവും കൂടുതല്‍ പേര്‍ ഒരേ സമയം സംഗമിക്കുന്ന ഇടമാണ് പള്ളികള്‍. ഇസ്ലാം മത വിശ്വാസികള്‍ക്ക് ദിനം പ്രതി അഞ്ചു നേരത്ത് നമസ്കാരം നിര്‍ബന്ധമാണ്. പള്ളിയിലെത്തുന്നവരില്‍ ഒരാള്‍ക്ക് പ്രയാസം നേരിട്ടാല്‍ അത് മുഴുവന്‍ പേര്‍ക്കും പ്രതിസന്ധിയുണ്ടാക്കും. നേരത്തെ, പള്ളികളില്‍ അംഗശുദ്ധിക്ക് ഉപയോഗിക്കുന്ന ശുചീകരണ മുറികളും വാഷ്റൂമുകളും അടച്ചു പൂട്ടാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാല്‍ മക്ക മദീന ഹറമുകളില്‍ നമസ്കാരവും പ്രാര്‍ഥനാ കര്‍മങ്ങളും പതിവുപോലെ നടത്താം. നൂറു കണക്കിന് ജീവനക്കാര്‍ ദിനം പ്രതി പത്ത് തവണയോളം ഹറമും പരിസര ഭാഗങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. ലോക മുസ്ലിംകളുടെ പ്രധാന പുണ്യ കേന്ദ്രങ്ങളാണ് മക്കയും മദീനയും. ഇരു ഹറമുകളിലും പ്രാര്‍ഥനയും നമസ്കാരവും കൃത്യ സമയത്ത് നടക്കും.
Adjust Story Font
16

