സൗദിയിലെ റിയാദ് മക്ക മദീന നഗരങ്ങളിലേക്ക് പുതിയ കര്‍ഫ്യൂ സമയത്ത് പ്രവേശിക്കാനാകില്ല; അതിരുകള്‍ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം
അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് വൈകീട്ട് മൂന്ന് മണിക്ക് ശേഷം റിയാദ് മക്ക മദീന നഗരത്തില്‍ പ്രവേശിക്കാനാകില്ല

സൗദിയിലെ ആഭ്യന്തര മന്ത്രാലയം നേരത്തെ പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല. ഇതു നാളെ മുതല്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ നാളെ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തിലാവുകയാണ്. നഗരങ്ങള്‍ക്ക് മാത്രമാണ് കര്‍ഫ്യൂ ബാധകം. റിയാദ് മക്ക മദീന പ്രവിശ്യകള്‍ക്ക് മുഴുവനായും കര്‍ഫ്യൂ ബാധകമാകില്ല. ഈ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ ബാധകമാകുന്ന അതിരുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
പുതുതായി നാളെ മുതല്‍ സ്ഥാപിക്കുന്ന ചെക്ക് പോയിന്റുകള്‍ അടക്കം റിയാദിലെ അതിരുകള്‍ ഇവയാണ്. അല്‍ ഖസീം ചെക്ക് പോയിന്റ്, സല്‍ബൂക്ക് സുല്‍ത്താന ചെക്ക്പോയിന്റ്, അല്‍ ഖുദയ്യ ചെക്ക്പോയിന്റ്, ദിറാബ് ചെക്ക്പോയിന്റ്, അല്‍ഖര്‍ജ് ചെക്ക്പോയിന്റ്, റമ ചെക്ക്പോയിന്റ്. ഈ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് വൈകീട്ട് മൂന്ന് മണിക്ക് ശേഷം റിയാദ് നഗരത്തില്‍ പ്രവേശിക്കാനാകില്ല. മൂന്ന് മണി മുതല്‍ കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ റിയാദിലുള്ളവരെല്ലാം അകത്തിരിക്കണം. മൂന്ന് മണിക്ക് ശേഷം ഈ നഗര അതിര്‍ത്തിക്കപുറം കുടുങ്ങിയവര്‍ അവിടെ തന്നെ തങ്ങേണ്ടി വരും. രാത്രി കര്‍ഫ്യൂ രാവിലെ ആറിന് അവസാനിച്ച ശേഷമേ റിയാദിലേക്കും തിരിച്ചും പോകാനാകൂ.
മദീനയിലേക്ക് വൈകീട്ട് മൂന്നിന് ശേഷം പ്രവേശിക്കുന്നത് തടയാന്‍ യാന്പു റോഡ്, അല്‍ ഖസീം റോഡ്, തബൂക്ക് റോഡ്, പഴയ ഖസീം റോഡ് എന്നിവിടങ്ങളിലെ ചെക്ക് പോയിന്റുകള്‍ക്കാണ് ചുമതല.
മക്ക നഗരപരിധിയിയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പഴയ ജിദ്ദ റോഡ്, പുതിയ ജിദ്ദ റോഡ്, അല്‍ സായില്‍ റോഡ്, അല്‍ ശുമൈസി, അല്‍ ഖര്‍ റോഡ്, അല്‍ കാക്കിയ റോഡ്, അല്‍ നവാരിയ റോഡ് എന്നിവിടങ്ങിലും ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍ക്കകത്ത് മാത്രമാണ് വൈകീട്ട് മൂന്നിന് കര്‍ഫ്യൂ തുടങ്ങുക. മക്ക പ്രവിശ്യയിലുള്ള ജിദ്ദക്ക് മൂന്ന് മണിക്ക് കര്‍ഫ്യൂ ബാധകമാകില്ല എന്ന് ചുരുക്കം. ഈ മേഖലകളിലും ബാക്കിയുള്ള എല്ലാ പ്രവിശ്യകളിലും വൈകീട്ട് ഏഴിനാണ് കര്‍ഫ്യൂ ആരംഭിക്കുക.
നാളെ മുതല്‍ ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് സഞ്ചരിക്കാനാകില്ല. രാജകല്‍പന നടപ്പാക്കാന്‍ സൈനിക വിഭാഗങ്ങളും രംഗത്തുണ്ട്. ലംഘിക്കാന്‍ ശ്രമിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ലംഘനം പരിശോധിക്കാന്‍ ഹൈവേകളിലും സാധാരണ റോഡുകളിലും ഓഫ് റോഡുകളിലും പരിശോധനയുണ്ടാകും.
Adjust Story Font
16

