Quantcast

സൗദിയിൽ വിസാ കാലാവധി പൂർത്തിയായ ഉംറ തീർത്ഥാടകർക്ക് രാജ്യം വിടാം; സമയം നാളെ അവസാനിക്കും

MediaOne Logo

Web Desk

  • Published:

    28 March 2020 2:34 AM IST

സൗദിയിൽ വിസാ കാലാവധി പൂർത്തിയായ ഉംറ തീർത്ഥാടകർക്ക് രാജ്യം വിടാം; സമയം നാളെ അവസാനിക്കും
X

സൗദിയിൽ വിസാ കാലാവധി പൂർത്തിയായ ഉംറ തീർത്ഥാടകർക്ക് രാജ്യം വിടാൻ അപേക്ഷിക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും. ശിക്ഷാ നടപടികളില്ലാതെ രാജ്യം വിടുവാനുള്ള അവസാന അവസരമാണിതെന്ന് ജവാസാത്ത് ഡയരക്ഠറേറ്റ് അറിയിച്ചു. പൂർണ്ണമായും സൗദി സർക്കാർ ചെലവിലാണ് ഇവരുടെ യാത്ര സൗകര്യങ്ങൾ ക്രമീകരിക്കുക.

വിസ കാലാവധി പൂർത്തിയായിട്ടും ഇത് വരെ തിരിച്ച് പോയിട്ടില്ലാത്ത ഉംറ തീർത്ഥാടകർക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടുവാൻ അപേക്ഷ നൽകാനുള്ള അവസാന തിയതിയാണ് മാർച്ച് 28. ഇക്കാര്യം നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഇവർക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടായിരിക്കില്ല. മാത്രവുമല്ല അനധികൃത താമസക്കാർ എന്ന വിഭാഗത്തിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്യും. അതിനാൽ വിരലടയാളം രേഖപ്പെടുത്തി നാട് കടത്തപ്പെടുന്നവരുടെ ഗണത്തിലും ഇവരെ ഉൾപ്പെടുത്തില്ല. സൗദി സർക്കാർ ചെലവിലാണ് ഇവരുടെ യാത്ര സൗകര്യങ്ങൾ ക്രമീകരിക്കുക. ഈ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഹജ്ജ്-ഉംറ മന്ത്രാലയത്തിന് ഓണ്‍ ലൈനായി അപേക്ഷ നൽകണം. ഇതിനുളള സമയമാണ് നാളെ അവസാനിക്കുക. അപേക്ഷ നൽകുന്ന തീർത്ഥാടകർക്ക് യാത്ര ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും. പൊതുമാപ്പിന് ശേഷവും രാജ്യത്ത് തങ്ങുന്ന തീർത്ഥാടകർക്ക് പിഴയുൾപ്പെടെയുളള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചു. വിമാന യാത്ര വിലക്കിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ 3035 ഉംറ തീർത്ഥാടകരെ ഇന്ത്യൻ കോണ്‍സുലേറ്റിൻ്റെ സഹായത്തോടെ നേരത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

Next Story