ഫീസ് കുടിശ്ശിക പറഞ്ഞ് അഡ്മിഷന്‍ നിഷേധിക്കുന്നു; ദമ്മാം ഇന്ത്യന്‍ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

കോവിഡ് പശ്ചാതലത്തില്‍ അടച്ചിട്ട സൗദിയിലെ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ ആരംഭിക്കുന്ന വെര്‍ച്വല്‍ പഠന ക്ലാസിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. മാര്‍ച്ച് മാസത്തെ സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തി എന്ന കാരണം ചൂണ്ടികാട്ടിയാണ് സ്‌കൂള്‍ അതികൃതര്‍ പ്രവേശനം നിഷേധിക്കുന്നത്. എന്നാല്‍ ഫീസടക്കുന്നതിന് സ്‌കൂള്‍ മതിയായ സൗകര്യമേര്‍പ്പെടുത്താത്തതും രക്ഷിതാക്കളെ വലക്കുന്നതായി ഇവര്‍ പറയുന്നു.
കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കാണ് വെര്‍ച്വല്‍ സംവിധാനം വഴി സ്‌കൂള്‍ പഠനം ആരംഭിക്കുന്നത്. ആറാംതരം മുതല്‍ പതിനൊന്നാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നാളെ മുതല്‍ ക്ലാസാരംഭിക്കുക. എന്നാല്‍ ഈ ക്ലാസുകളിലേക്ക് മാര്‍ച്ച് മാസം വരെയുള്ള ഫീസ് കുടിശ്ശിക വരുത്തി എന്ന് ചൂണ്ടികാട്ടി പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി.
കോവിഡ് പശ്ചാതലത്തില്‍ സ്‌കൂള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ പലര്‍ക്കും ഫീസ് കുടിശ്ശിക തീര്‍ക്കാന്‍ സാധിക്കുന്നില്ല. പകരം ഏര്‍പ്പെടുത്തിയ സൗകര്യമാവട്ടെ അപര്യാപ്തമാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
പ്രവാസി സമൂഹം ഒന്നടങ്കം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ സ്‌കൂള്‍ അതികൃതര്‍ സ്വീകരിച്ച നടപടിക്കെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മകള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16

