Quantcast

സൗദിയില്‍ 186 ഇന്ത്യക്കാര്‍ കോവിഡ് ബാധിതര്‍: മരണപ്പെട്ടത് രണ്ട് മലയാളികള്‍ മാത്രമെന്ന് എംബസി; ആംബുലന്‍സിനും ഭക്ഷ്യവിതരണത്തിനും വഴിയൊരുങ്ങുന്നു

സൗദിയിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്

MediaOne Logo
സൗദിയില്‍ 186 ഇന്ത്യക്കാര്‍ കോവിഡ് ബാധിതര്‍: മരണപ്പെട്ടത് രണ്ട് മലയാളികള്‍ മാത്രമെന്ന് എംബസി;  ആംബുലന്‍സിനും ഭക്ഷ്യവിതരണത്തിനും വഴിയൊരുങ്ങുന്നു
X

ഇന്ത്യന്‍‌‍ അംബാസിഡര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

സൗദിയില്‍ ഇതുവരെ 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എംബസി. രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരണപ്പെട്ടതെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. എംബസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സാഹചര്യം വിശദീകരിക്കുകയായിരുന്നു അംബാസിഡര്‍. നിലവിലെ രേഖകള്‍ പ്രകാരം സൌദിയിലുള്ളത് 13 ലക്ഷം മലയാളികളാണെന്നും അംബാസിഡര്‍ പറഞ്ഞു.

അ‍ഞ്ച് എംബസി ജീവനക്കാര്‍ക്കാണ് നിലവില്‍ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനും സേവനത്തിനുമുള്ള അനുമതിയുള്ളത്. പൊതു പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സര്‍ക്കാറില്‍ നിന്ന് പാസ് ലഭിക്കില്ലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കാകുമെന്നാണ് കരുതുന്നത്. സൌദി അറേബ്യ ആവശ്യപ്പെടാതെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്നും സൌദിയിലേക്ക് അയക്കാനാകില്ല. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നിലവില്‍ സൌദി അറേബ്യ രാജ്യം തിരിച്ചു പുറത്ത് വിടുന്നില്ല.

26 ലക്ഷ്യം ഇന്ത്യക്കാരാണ് നിലവില്‍ സൌദി അറേബ്യയില്‍ ഉള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്ട്സ് അപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ പിന്തുടരുന്നതായും അംബാസിഡര്‍ അറിയിച്ചു. നിലവില്‍ ആളുകളെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ല. രണ്ട് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രണ്ടും കേരള പൌരന്മാരാണ്. ഒരാള്‍ മദീനയിലും ഒരാള്‍ റിയാദിലുമാണ് മരിച്ചത്.

സൌദിയില്‍ ഉടനീളമുള്ള സാമൂഹ്യ സന്നദ്ധ സംഘടനകളുടെ ഗ്രൂപ്പും ഡോക്ടര്‍മാരുടെ ഗ്രൂപ്പും സൃഷ്ടിച്ചിട്ടുണ്ട്. ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളി ലഭിക്കുന്ന മുറക്ക് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കാനാണിത്. ക്വാറന്റൈന്‍ ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുവാനുമാകും. എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്. സൌദിയില്‍ നിലവില്‍ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആളുകളുടെ പട്ടിക എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും എംബസി അറിയിച്ചു.

വാര്‍ത്താ സമ്മേളനം ഓണ്‍ലൈനായി ചേര്‍ന്നപ്പോള്‍

ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്‌ലൈന്‍ നന്പറില്‍ ഇതുവരെ ആയിരത്തോളം വിളികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനതയുടെ സൌദിയിലെ ബാഹുല്യം വെച്ച് നോക്കുമ്പോള്‍ ഈ എണ്ണം കുറവാണ്. അത് സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ് എന്നതാണെന്നും അംബാസിഡര്‍ പറഞ്ഞു. ലേബര്‍ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവില്‍ എംബസി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എംബസിയെ അറിയിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷണത്തിന് ആവശ്യമുള്ളവര്‍ക്ക് എംബസിയില്‍ ബന്ധപ്പെടാം. നിലവില്‍ വിവിധ കമ്പനികളുമായി ഇതിനകം എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുപയോഗിച്ച് സേവനം നല്‍കാനാകും. നിലവില്‍ സൌദിയിലുള്ള ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജിനുപയോഗിക്കുന്ന ആംബലുന്‍സുകളും ഉപയോഗിക്കുവാന്‍ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലേബര്‍ ക്യാന്പ് സന്ദര്‍ശിക്കാവാനുള്ള സൌകര്യം ഒരുക്കും.

ഓയോ ഗ്രൂപ്പുമായി സഹകരിച്ചും ഇതര സാധ്യതകളും ഉപയോഗിച്ച് ക്വാറന്റൈന്‍ ആവശ്യമായ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള സൌകര്യം ഒരുക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസി സ്കൂള്‍ ഫീസ് കുറക്കാന്‍ ഉന്നത വിദ്യാഭ്യാസ ബോര്‍ഡില്‍ ആവശ്യപ്പെടും. അതേ സമയം എംബസി ജീവനക്കാരുടേയും സ്കൂള്‍ വാടകയും അടക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷമോ ഞായറാഴ്ചയോ തീരുമാനമെടുക്കും. ദമ്മാമില്‍ അറുന്നൂറോളം പേര്‍ മാത്രമാണ് ഫീസില്‍ പരാതി ഉന്നയിച്ചത്.

നിലവില്‍ ആളുകളെ സൌദിയില്‍ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ല. വിമാന സര്‍വീസ് തുടങ്ങുന്ന മുറക്കേ ഇത് സാധിക്കൂ. നിലവില്‍ ലഭിച്ച അപേക്ഷകളെല്ലാം എംബസിയും കോണ്‍സുലേറ്റും ഇന്ത്യയിലെ സഹായ കേന്ദ്രത്തിലേക്ക് ക്രോഡീകരിച്ച് അയക്കുന്നുണ്ട്. പേര്, പാസ്പോര്‍ട്ട് നന്പര്‍, ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥലം എന്നീ വിവരങ്ങള്‍ സഹിതം എംബസിയുടേയോ കോണ്‍സുലേറ്റിന്റേയോ നമ്പറില്‍ അയക്കുകയാണ് ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സഹായ അഭ്യര്‍ഥനയും എംബസിക്ക് കൈമാറുന്നതാണ്.

റിയാദ് എംബസിയില്‍ സഹായത്തിന് വിളിക്കേണ്ട നമ്പര്‍: 0546103992

ജിദ്ദ കോണ്‍സുലേറ്റില്‍ സഹായത്തിനുള്ള നമ്പര്‍: 0556122301

Next Story