സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന കര്‍ശനം
ദമ്മാം ഹയ്യല്‍ അതീര്‍ മേഖല പൂര്‍ണ്ണമായി അടച്ചിട്ടു.

സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. എല്ലാ ലേബര്‍ ക്യാമ്പുകളിലും മന്ത്രാലയം പുതിയ നിബന്ധനകള്‍ നടപ്പിലാക്കി തുടങ്ങി. കോവിഡ് സാഹചര്യത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഹയ്യല്‍ അതീര്‍ മേഖലയിലും കര്‍ഫ്യു നിയന്ത്രണം ശക്തമാക്കി കൊണ്ടിരിക്കുകയാണ്.
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കിയത്. ദമ്മാം ഹയ്യല്‍ അതീര്‍ മേഖല പൂര്‍ണ്ണമായി അടച്ചിട്ടു. കഴിഞ്ഞ ദിവസം അന്‍പതിലധികം പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് പ്രദേശം പൂര്‍ണ്ണമായി അടച്ചത്. ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യു ഇതോടെ കര്‍ശനമാക്കി. പ്രദേശത്തുള്ളവര്‍ക്ക് പുറത്ത് കടക്കുവാനോ പുറത്തുള്ളവര്‍ക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് വീടിന് പുറത്തിറങ്ങാന്‍ അനുമതി ലഭിക്കുക.
രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദിനേന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്പുകളില്‍ സംവിധാനമേര്‍പ്പെടുത്തി. ക്യാമ്പുകളില്‍ ആവശ്യമായ രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥല പരിമിതി നേരിടുന്ന ലേബര്‍ ക്യാമ്പുകളിലെ 80 ശതമാനം വരെയുള്ള ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ക്വറന്റൈന്‍ സെന്ററുകളിലേക്കും മാറ്റി പാര്‍പ്പിക്കുന്നുമുണ്ട്. റിയാദ്, മക്ക, മദീന പ്രവിശ്യകളില്‍ കര്‍ഫ്യു നിയന്ത്രണം നേരത്തെ ശക്തമാക്കിയിരുന്നു. അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിപത്രമുള്ളവര്‍ക്ക് മാത്രമാണ് ഇവിടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.
Adjust Story Font
16

