Quantcast

കോവിഡ് 19: സൗദി ലേബര്‍ ക്യാമ്പുകളില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു

കര്‍ഫ്യു നിയന്ത്രണം വീണ്ടും ശക്തമാക്കി; കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളില്‍ മുഴുസമയ കര്‍ഫ്യു ഏര്‍പ്പെടുത്തി

MediaOne Logo

Web Desk

  • Published:

    19 April 2020 3:16 AM IST

കോവിഡ് 19:  സൗദി ലേബര്‍ ക്യാമ്പുകളില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു
X

കോവിഡ് പശ്ചാത്തലത്തില്‍ സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുന്നു. ഇതിനകം ഒരു ലക്ഷത്തോളം ആളുകളെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി മന്ത്രാലയ അതികൃതര്‍ അറിയിച്ചു. ഇതിനിടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യു വീണ്ടും കര്‍ശനമാക്കി. കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളില്‍ കൂടി ഇന്ന് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

തൊഴില്‍, മുനിസിപ്പല്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി വരുന്നത്. ശോചനിയാവസ്ഥയിലുള്ളതും ജന സാന്ദ്രത കൂടിയതുമായ ക്യാമ്പുകളിലെ തൊഴിലാളികളെയാണ് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷത്തോളം പേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചതായി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഇതിനിടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യു നിയന്ത്രണം വീണ്ടും ശക്തിപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ ഗവര്‍ണറേറ്റിന് കീഴിലുള്ള അല്‍ ഫൈസലിയ്യ, അല്‍ഫാദിലിയ്യ പ്രദേശങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യു പരിധിയില്‍ ഉള്‍പ്പെടുത്തി. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് കടക്കുവാനോ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടുത്തേക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല. ദമ്മാമിലെ അല്‍ അഥീര്‍ മേഖലയിലും ദിവസങ്ങള്‍ക്ക് മുമ്പ് മുഴുസമയ കര്‍ഫ്യു നിലവില്‍ വന്നിരുന്നു. ഈ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടാണ് ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്നത്.

Next Story