Quantcast

റമദാനെ സ്വീകരിക്കാന്‍ അകവും പുറവും അണിഞ്ഞൊരുങ്ങി കഅ്ബ; കാഴ്ച കാണാം

പൊതുജനത്തിന് പ്രവേശനമില്ലെങ്കിലും വിശ്വാസികള്‍ക്ക് പാഠമാകുന്ന കാഴ്ച കൂടിയാണ് കഅ്ബയുടെ അണിഞ്ഞൊരുങ്ങല്‍

MediaOne Logo
റമദാനെ സ്വീകരിക്കാന്‍ അകവും പുറവും അണിഞ്ഞൊരുങ്ങി കഅ്ബ; കാഴ്ച കാണാം
X

റമദാന്‍ മാസം തുടങ്ങുന്നതോടെ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്‍റെ വാതില്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യും എന്നാണ് വിശ്വാസികള്‍ക്കുള്ള പാഠം.

കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും മാറ്റമില്ലാതെ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് വിശ്വാസികളുടെ പുണ്യ ഭൂമിയിലെ കഅ്ബ.

ഹറമിലെ ജീവനക്കാര്‍ ചേര്‍ന്നാണ് കഅ്ബക്ക് പുത്തന്‍ പുടവ അണിയിച്ചത്. കഅ്ബയുടെ അകവും പുറവും മേല്‍ഭാഗവും പൂര്‍ണമായും വൃത്തിയാക്കി. വിശ്വാസി ലക്ഷങ്ങള്‍ നിറഞ്ഞൊഴുകുന്ന ഹറമിന്‍റെ ഇരു മുറ്റത്തേക്കും ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

പൊതുജനത്തിന് പ്രവേശനമില്ലെങ്കിലും വിശ്വാസികള്‍ക്ക് പാഠമാകുന്ന കാഴ്ച കൂടിയാണ് കഅ്ബയുടെ അണിഞ്ഞൊരുങ്ങല്‍. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് പുണ്യങ്ങളുടെ മാസമായ റമദാനെ സ്വീകരിക്കാന്‍ മാനസികമായും ശാരീരികമായും ഒരുങ്ങുക എന്നത് കൂടിയാണ് റമദാന് മുന്നോടിയായുള്ള ഒരുക്കത്തിലൂടെ അര്‍ഥമാക്കുന്നതും.

കോവിഡിൻ്റെ പശ്ചാതലത്തിൽ മക്ക, മദീന ഹറുമുകളിലേക്ക് പ്രവേശിക്കുന്നതിനും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനും പൊതുജനങ്ങൾക്കുള്ള വിലക്ക് റമദാനിലും തുടരും.

അതിനാൽ തന്നെ റമദാനിലെ രാത്രി നമസ്കാരമായ തറാവിഹിലും പൊതുജനങ്ങൾക്ക് പങ്കെടുക്കുവാൻ അനുമതിയില്ല.

എന്നാൽ ഹറം ജീവനക്കാരെയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി തറാവീഹ് നമസ്കാരം ഹറമുകളിൽ നടത്തും. അതേ സമയം ഇഅ്തിക്കാഫ് ഉണ്ടായിരിക്കില്ല.

പ്രത്യേക സാഹചര്യത്തിൽ വേഗത്തിൽ അവസാനിപ്പിക്കുന്നതിനായി തറാവീഹിൻ്റെ എണ്ണം പത്താക്കി ചുരുക്കിയാണ് നമസ്കരിക്കുക.

ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. തെർമൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

റമദാനില്‍ നടക്കാറുള്ള പൊതു നോമ്പുതുറയും ഇത്തവണ ഹറം മുറ്റത്തുണ്ടാകില്ല. പകരം നൂറുകണക്കിന് കമ്പനികള്‍ ഹറമിനായി സംഭാവനയും സ്പോണ്‍സറും ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുക.

Next Story