കോവിഡ്: സ്വകാര്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; കരുതല്‍ ധനം കരുത്തോടെ നില്‍ക്കാന്‍ സഹായിച്ചെന്ന് സൗദി അറേബ്യ
ഇന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനകാര്യ മന്ത്രി

സ്വകാര്യ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. കരുതല്‍ ധനം കോവിഡ് സാഹചര്യത്തെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ നിലവിലെ സ്ഥിതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ സ്വദേശികളുടേയും വിദേശികളുടേയും ജോലികള്‍ കോവിഡ് പശ്ചാത്തലത്തില്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇത് കണക്കാക്കി കൂടുതല്‍ സാമ്പത്തിക നടപടികള്‍ സ്ഥിതിഗതികള്‍ നോക്കി തീരുമാനിക്കും.
സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനുള്ള കൂടുതല്‍ നടപടികള്‍ രാജ്യത്ത് സാമ്പത്തിക നടപടികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്ന സമയത്തുണ്ടാകും. സ്വകാര്യ മേഖലയിലാണ് കോവിഡ് ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കിയത്. ചെറുകിട മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നിലവില്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 47 ബില്യണ്‍ ഡോളര്‍ ഇതിനകം കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന് മാത്രം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്കും സമാന രീതിയില്‍ സഹായം നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രത്യാഘാതം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ ഇത് ധനകാര്യ മന്ത്രാലയം മുന്‍കൂട്ടി കാണുന്നുണ്ട്. പുതിയ സാഹചര്യങ്ങള്‍ സധൈര്യം നേരിടാന്‍ തന്നെയാണ് സൗദി അറേബ്യ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
23 ബില്യണ്‍ റിയാല്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ നിന്നും ലഭിക്കേണ്ട തുക ലഭിക്കാത്തതിനാല്‍ ഇതു നികത്തുന്നതിനായി അനുവദിച്ചിട്ടുണ്ട്. സൗദി പൗരന്മാരുടെ ശമ്പളം നല്‍കാനും ഈ തുകയില്‍ നിന്നും ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ ഭാരം കുറക്കാനായിരുന്നു ഈ തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16

