Quantcast

റമദാനില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സൌദിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി; നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ അടപ്പിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം ഉറപ്പു വരുത്തണം

MediaOne Logo
റമദാനില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സൌദിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി; നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ അടപ്പിച്ചു
X

റമദാനില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സൌദി കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന മേഖലകളിലാണ് അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിച്ചേ തുറക്കാവൂ. റമദാനില്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ ഇവയാണ്.

റസ്റ്റൊറന്റുകള്‍ക്ക് പുറമെ ബൂഫിയ, കോഫി ഷോപ്പ്, ജ്യൂസ് കടകള്‍, പലഹാരക്കടകള്‍, ഐസ്ക്രീം, ചോക്ലേറ്റ് കടകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറക്കാനുള്ള അനുമതി.

പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനും ചില മേഖലകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവ ഇനി പറയുന്നവയാണ്. കെട്ടിടങ്ങളിലെ റിപ്പയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, റോഡുകള്‍, ടണല്‍‌, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികളും നടത്തുന്ന സ്ഥാപനങ്ങള്‍, ശുചീകരണ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവക്ക് റമദാനില്‍ പ്രവര്‍ത്തിക്കാം. ലിഫ്റ്റ് അറ്റകുറ്റപ്പണി, വളര്‍ത്തു മൃഗങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ എന്നിവക്കും റമദാനില്‍ തുറക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം ഉറപ്പു വരുത്തണം. നിബന്ധന പാലിക്കാത്ത ഇരുന്നൂറോളം സ്ഥാപനങ്ങള്‍ റിയാദില്‍ ഒരാഴ്ചക്കിടെ അടപ്പിച്ചിരുന്നു. മക്കയില്‍ ഇന്നലെ മുതല്‍ ഇതുവരെ 86 സ്ഥാപനങ്ങളാണ് കോവിഡ് പ്രതിരോധ നിബന്ധന പാലിക്കാത്തതിന് പൂട്ടിച്ചത്. അഞ്ച് ഷോപ്പിങ് കേന്ദ്രങ്ങള്‍, 17 റസ്റ്റൊറന്‍റുകള്‍, 44 ഭക്ഷ്യ സ്ഥാപനങ്ങള്‍, മിഠായിക്കടകള്‍, തുണിഷോപ്പുകള്‍ എന്നിവയാണ് അടപ്പിച്ചത്.

Next Story