സൗദിയിലെ ജിദ്ദയില്‍ മലയാളി മരിച്ചത് കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു; മരിച്ച മലയാളികളുടെ എണ്ണം ആറായി
ഇതോടെ സൌദിയില്‍ ആകെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 19 ആയി

സൌദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സനാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. 56 വയസ്സായിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് ആണ് എന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിലാണ്. മയ്യിത്ത് സംസ്കരണത്തിന് കെഎംസിസി നേതാക്കളായ മജീദ് പുകയൂര്‍, പി കെ അലി അക്ബര്‍, വി പി മുസ്തഫ, ബാവ അരിമ്പ്ര, ലത്തീഫ് പടിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഇതോടെ സൌദിയില്‍ ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ആറായി. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ കഴിഞ്ഞ മാസം 29ന് മക്കയില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് 57 വയസ്സായിരുന്നു. റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനും (51) കോവിഡ് ബാധിച്ചാണ് മരിച്ചത്. ഈ മാസം തുടക്കത്തില്‍ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസും റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാനും മരണപ്പെട്ടിരുന്നു.
Adjust Story Font
16

