കോവിഡ് പ്രതിസന്ധി: സൗദിയില്‍ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കും; സ്വദേശികളുടെ ജോലികള്‍ സംരക്ഷിച്ച് കടുത്ത നടപടിയെടുക്കും
നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനാല്‍ വരാനിരിക്കുന്നതിലെ ഏറ്റവും മോശം അവസ്ഥ കണക്കാക്കിയാണ് രാജ്യം പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ടു തന്നെ ഉറച്ച തീരുമാനങ്ങളുണ്ടാകും.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കും. യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറക്കും. നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ഏതൊക്കെ മേഖലയില്‍ നിന്നും വക മാറ്റണം എന്നതും ഏതൊക്കെ പദ്ധതികള്‍ വൈകിപ്പിക്കുമെന്നതും ധനകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രൊജക്ടുകളും വന്‍കിട പദ്ധതികളും വൈകിപ്പിക്കുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് സാമ്പത്തിക മാധ്യമങ്ങളും സൂചിപ്പിക്കുന്നു. സ്വദേശികളുടെ ജോലി സംരക്ഷിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.
നിലവിലെ സാഹചര്യം മറികടക്കാന്‍ കരുതല്‍ ധനം ഉപയോഗപ്പെടുത്തും. പ്രശ്നങ്ങള്‍ മറികടക്കാനാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും ജദ്ആന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വലിയ വരുമാന ഇടിവാണ് ലോകത്തെ എല്ലായിടത്തേയും പോലെ സൌദിയിലും ഉണ്ടായത്. അടുത്ത ആറ് മാസങ്ങളിലും ഈ പ്രതിസന്ധി ശക്തമായുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ തന്നെ രാജ്യത്തെ വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണ്.
Adjust Story Font
16

