കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സൗദി
നിയമ ലംഘനങ്ങള്‍ക്ക് കടുത്ത പിഴയും ചുമത്തുന്നുണ്ട്

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്. നഗരസഭക്കു കീഴില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഫീല്‍ഡ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
ഇതിനകം 750ലധികം പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. പ്രവിശ്യാ മുനിസിപ്പാലിറ്റിയും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കി വരുന്നത്. പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്ത 101 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ നിയമ ലംഘനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ 840 ഇടങ്ങളില്‍ ഇതിനകം അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Adjust Story Font
16

