പാകിസ്താനും സൌദിയും തമ്മിലുള്ള അസ്വസ്ഥത; പ്രശ്ന പരിഹാരത്തിന് പാക് മേധാവി സൌദിയില്‍
കശ്മീര്‍ വിഷയത്തില്‍ സൌദി അറേബ്യ ഇടപെടുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നിലനില്‍ക്കെ പാക് സൈനിക മേധാവി റിയാദിലെത്തി.

കശ്മീര്‍ വിഷയത്തില്‍ സൌദി അറേബ്യ ഇടപെടുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നിലനില്‍ക്കെ പാക് സൈനിക മേധാവി റിയാദിലെത്തി. കശ്മീര്‍ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍, ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന പാകിസ്താന്റെ പ്രസ്താവനയോടെ ഇരു രാജ്യങ്ങളും തമ്മില്‍ അസ്വസ്ഥതയുണ്ടായിരുന്നു. ഇതോടെ പാകിസ്താനുള്ള സൌദി സഹായം നിലക്കുമോയെന്ന ഘട്ടത്തിലാണ് പ്രശ്നപരിഹാരത്തിന് പാക് സൈനിക മേധാവിയുടെ സന്ദര്‍ശനം.
കശ്മീരില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വിദേശ കാര്യ മന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ഒ.ഐ.സി ഇതുവരെ ഇതിനു മാത്രമായി യോഗം ചേര്‍ന്നിട്ടില്ല. ഇതിനു പിന്നാലെ, ഒഐസി യോഗം വിളിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യോഗം വിളിക്കേണ്ടി വരുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. ഒ.ഐ.സിയുടെ അധ്യക്ഷത വഹിക്കുന്ന സൌദിയുമായുള്ള ബന്ധത്തില്‍ ഇതോടെ അസ്വസ്ഥ തുടങ്ങിയതായി വിദേശമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്‍ 3 ബില്യണ്‍ ഡോളര്‍ സൌദി സഹായമായി 2018ല്‍ നല്‍കിയിരുന്നു. 3.2 ബില്യണ്‍ ഡോളറിന്‍റെ എണ്ണയും ക്രഡിറ്റായി നല്‍കി. കശ്മീര്‍ വിഷയത്തിലെ പാക് വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ കടമായി നല്‍കിയ തുകയില്‍ ഒരു ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാന്‍ സൌദി അറേബ്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ റിയാദിലെത്തിയത്. റിയാദിലെത്തിയ പാക് ജനറല്‍, സൌദി ഉപ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വിഷയങ്ങളും സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

