Quantcast

അഴിമതിയില്‍ സൗദി പ്രതിരോധ മന്ത്രാലയത്തിലെ നിരവധിപേര്‍ക്കെതിരെ അന്വേഷണം; സഖ്യസേനാ കമാണ്ടറേയും അല്‍ജൗഫ് ഡെപ്യൂട്ടി ഗവര്‍ണറേയും സല്‍മാന്‍ രാജാവ് നീക്കി

കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണം അനധികൃത പണമിടപാടുകളില്‍ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ അന്വേഷണം

MediaOne Logo

  • Published:

    1 Sept 2020 5:32 AM IST

അഴിമതിയില്‍ സൗദി പ്രതിരോധ മന്ത്രാലയത്തിലെ നിരവധിപേര്‍ക്കെതിരെ അന്വേഷണം; സഖ്യസേനാ കമാണ്ടറേയും അല്‍ജൗഫ് ഡെപ്യൂട്ടി ഗവര്‍ണറേയും സല്‍മാന്‍ രാജാവ് നീക്കി
X

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും, മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നിര്‍ദേശ പ്രകാരം പ്രതിരോധ മന്ത്രാലയത്തില്‍ കണ്ടെത്തിയ സംശയകരമായ പണമിടപാടില്‍ അന്വേഷണം. ഇതിന് പിന്നാലെ നിരവധി പേരെ നീക്കം ചെയ്തു. രാജ്യത്തെ അഴിമതി വിരുദ്ധ കമ്മിറ്റിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി യമനിലേക്കുള്ള സൗദി സഖ്യസേനാ കമാണ്ടര്‍ ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന്‍റെ മകനും അല്‍ജൗഫ് ഡെപ്യൂട്ടി ഗവര്‍ണറുമായ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരനേയും സ്ഥാനത്ത് നിന്നും നീക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

സൗദി സഖ്യസേന കമാണ്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട ഫഹദ് ബിന്‍ തുര്‍ക്കി രാജകുമാരന്‍, നേരത്തെ റോയല്‍ സൗദി ഗ്രൗണ്ട് ഫോഴ്‌സ് കമാണ്ടറായിരുന്നു. അദ്ദേഹത്തിന്‌റെ പിതാവ് ഉപ പ്രതിരോധ മന്ത്രിയായി സേവനം അനുഷ്ഠിച്ചതായും സൗദി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ലഫ്റ്റനന്‍റ് ജനറല്‍ മുതലഖ് ബിന്‍ സലീം ബിന്‍ മുതലഖ് അല്‍ അസിമയെ സഖ്യസേന കമാണ്ടറുടെ ചുമതലയില്‍ സൗദി കിരീടാവകാശി നിയമിച്ചു. മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ സംശയകരമായ പണമിടപാടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യത്ത് സ്ഥാപിച്ച അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. സൗദി കിരീടാവകാശി കൂടിയായ പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് അഴിമതി വിരുദ്ധ കമ്മിറ്റി നിലവില്‍ വന്നിരുന്നത്. 2017ല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി നിരവധി പേരെ ഭരണകൂടം തടഞ്ഞു വെച്ചിരുന്നു. അന്വേഷണം നടത്തി കുറ്റക്കാരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയാണ് അന്ന് എല്ലാവരേയും വിട്ടയച്ചത്.

TAGS :

Next Story