Quantcast

സൗദിയിൽ വനിതാ ശാക്തീകരണ പദ്ധതികൾ ഫലം കണ്ടു; വനിതാ ജീവനക്കാരിൽ വൻ വർധന

രാജ്യത്തെ തൊഴിൽ മേഖലയിൽ വനിതകളുടെ പങ്കാളിത്തം വർധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു

MediaOne Logo

Web Desk

  • Published:

    5 April 2021 3:51 AM GMT

സൗദിയിൽ വനിതാ ശാക്തീകരണ പദ്ധതികൾ ഫലം കണ്ടു; വനിതാ ജീവനക്കാരിൽ വൻ വർധന
X

സൗദിയിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതികൾ ഫലം കണ്ടു. സർക്കാർ, സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വൻ വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ തൊഴിൽ മേഖലയിൽ വനിതകളുടെ പങ്കാളിത്തം വർധിച്ചതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ നിരവധി പേർ തൊഴിൽ കരസ്ഥമാക്കിയതായാണ് ഇത് വ്യക്തമാക്കുന്നത്.

ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 പ്രഖ്യാപിച്ചത് മുതൽ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴിൽ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി.

വനിതാ തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതികളും കൂടുതൽ നേട്ടം കൈവരിക്കാൻ സഹായകമായി. സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന വനിതാ ജീവനക്കാരുടെ യാത്രാ ചെലവിന്റെ എൺപത് ശതമാനം വരെ സർക്കാർ വഹിക്കുന്ന പ്രത്യേക പദ്ധതി, നിരവധി മേഖകളിൽ നടപ്പിലാക്കിയ വനിതാവൽക്കരണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടും.

നിലവിൽ സ്വകാര്യ മേഖലയിൽ 6.7 ലക്ഷവും സർക്കാർ മേഖലയിൽ 5.2 ലക്ഷവുമാണ് വനിതാ ജീവനക്കാരുടെ എണ്ണം. പദ്ധതികൾ മുഖേന വരും വർഷങ്ങളിൽ കൂടുതൽ വനിതകൾക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story