Quantcast

ജമാൽ ഖശോ​ഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കൻ ഇന്റലിജൻസ്

കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാർക്ക് യുഎസ് യാത്രാവിലക്കേർപ്പെടുത്തി

MediaOne Logo

  • Published:

    27 Feb 2021 6:44 AM IST

ജമാൽ ഖശോ​ഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന്  അമേരിക്കൻ ഇന്റലിജൻസ്
X

മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാർക്ക് യുഎസ് യാത്രാവിലക്കേർപ്പെടുത്തി. തെറ്റായ റിപ്പോർട്ട് തള്ളിക്കളയുന്നതായി സൗദി അറിയിച്ചു.

2018 ഒക്ടോബർ 20നാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖശോ​ഗി കൊല്ലപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും കിരീടാവകാശിയുടെ വിമർശകനുമായ ഖശോ​ഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്താൻ സൗദിയിൽ നിന്നെത്തിയ പ്രത്യേക സംഘം പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

ഈ സംഭവത്തിൽ പിടിയിലായ 18ൽ അഞ്ച് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചിരുന്നു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഖശോ​ഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാർക്കെതിരെ ഉപരോധവും വിസാ വിലക്കും ഏർപ്പെടുത്തി.

എന്നാൽ നടപടി ഏകപക്ഷീയമാണെന്നും നീതീകരിക്കാനാകില്ലെന്നും സൗദി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു. തെറ്റായതും അവഹേളിക്കുന്നതുമാണ് റിപ്പോർട്ട്. കൃത്യം നടത്തിയ വ്യക്തികൾ അവരുടെ മേധാവികൾ പോലുമറിയാതെ നടത്തിയ നടപടിയുടെ പേരിൽ ഭരണനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ല. മുൻവിധികളും ജുഡീഷ്യറിയുടെ പരമാധികാരത്തിലും കൈകടത്തരുത്. പ്രതികൾക്കെതിരെ സൗദി സ്വീകരിച്ച നടപടി ഖശോഗ്ജിയുടെ സൗദിയിലെ കുടുംബം സ്വാഗതം ചെയ്തതാണ്. എട്ട് പതിറ്റാണ്ടായി മികച്ച ബന്ധമാണ് സൗദിക്കുള്ളതെന്നും പരസ്പര ബഹുമാനത്തോടെ അത് തുടരാനാണ് താൽപര്യമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

TAGS :

Next Story