Quantcast

'വീട് ഭൂമിക്കടിയിലേക്ക് വീഴും, മരം നട്ടേ തീരൂ'; സോയിൽ പൈപ്പിങ് ചില്ലറക്കാരനല്ല: ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ

ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്

MediaOne Logo

dibin

  • Updated:

    2021-10-02 10:37:51.0

Published:

2 Oct 2021 8:02 AM GMT

വീട് ഭൂമിക്കടിയിലേക്ക് വീഴും, മരം നട്ടേ തീരൂ; സോയിൽ പൈപ്പിങ് ചില്ലറക്കാരനല്ല: ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ
X

കോഴിക്കോട് പോലൂരില്‍ ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിങാണെന്ന പ്രാഥമിക നിഗമനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ എത്തിയിരുന്നു. അജ്ഞാത ശബ്ദം മൂന്നാഴ്ച മുമ്പാണ് വീട്ടില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങിയത്. പ്രേതത്തിനും ഭൂതത്തിനും ലഭിക്കേണ്ട അവസരം തട്ടിയെടുത്ത സോയില്‍ പൈപ്പിങ് എന്താണെന്ന് പരിശോധിക്കാം.

(സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)

എന്താണ് സോയില്‍ പൈപ്പിങ് ?

ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

സോയില്‍ പൈപ്പിങിന്റെ പ്രത്യേകതള്‍ എന്തൊക്കെയാണ് ?

മണ്ണിനടിയിലെ മണ്ണൊലിപ്പാണ് ഇത്. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതുവഴി മേല്‍ മണ്ണ് ഇടിയുന്നതാണ് സോയില്‍ പൈപ്പിങില്‍ പൊതുവേ സംഭവിക്കുന്നത്. മണ്ണിനടിയില്‍ വലിയ തുരങ്കങ്ങള്‍ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. അപ്രതീക്ഷിതമായിട്ടാവും ദുരന്തം എത്തുക. നിശ്ശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞര്‍ 'മണ്ണിന്റെ കാന്‍സര്‍' എന്നാണ് വിളിക്കുന്നത്.

സോയില്‍ പൈപ്പിങ് സംഭവിക്കുന്ന പുരയിടങ്ങള്‍ കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തില്‍ ആകെ തകര്‍ന്നടിയുന്നതാണ് ഇതിന്റെ പ്രധാനദോഷം. അണക്കെട്ടുകള്‍, വീടുകള്‍, റോഡുകള്‍ എന്നിവയ്ക്ക് അടിയില്‍ ഇതു നടക്കാമെന്നതാണു വലിയ ആശങ്ക ഉയര്‍ത്തുന്നത്.

സോയില്‍ പൈപ്പിങ് വരുത്തിവെക്കുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് ?

മണ്ണിനടിയില്‍ ഉണ്ടാകുന്ന പ്രതിഭാസം ആയതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടാക്കുന്ന ദുരന്തം മുന്‍കൂട്ടി കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. നിലയ്ക്കാതെയുളള മണ്ണൊലിപ്പ് പല വീടുകളുടെയും കെട്ടിടങ്ങളുടേയും നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ടെന്ന തെളിവുകളുണ്ട്. റോഡുകളിലും വീടുകളിലും ഉണ്ടാകുന്ന വിള്ളലുകള്‍ പലപ്പോഴും സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമാണെന്ന് തിരിച്ചറിയാറില്ല. ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം നടത്തുന്ന പഠനങ്ങളിലാണ് പലപ്പോഴും സോയില്‍ പൈപ്പിങ് മൂലമാണ് അപകടം നടന്നതെന്ന് തിരിച്ചറിയുക.

കേരളത്തില്‍ ഇതിന് മുമ്പ് എവിടെയെങ്കിലും സോയില്‍ പെപ്പിങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ?

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വലിയ ഭാഗം സ്ഥലങ്ങളും സോയില്‍ പൈപ്പിങ് ഭീഷണിയിലാണ്. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. ഒരു ജീപ്പിനു പോകാവുന്ന വലിപ്പമുള്ള തുരങ്കങ്ങള്‍ വരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. 200 മീറ്റര്‍ വരെ നീളമുള്ള തുരങ്കങ്ങളും സോയില്‍ പൈപ്പിങ് വഴി ഉണ്ടായിട്ടുണ്ട്. വയനാട് ജില്ലയില്‍ കല്‍പ്പറ്റയിലെ പുത്തുമലയില്‍ 2019 ആഗസ്റ്റ് 8 ന് ഉണ്ടായ ഭീമന്‍ മണ്ണിടിച്ചിലിന് കാരണം സോയില്‍ പൈപ്പിങ് ആണെന്നു കണ്ടെത്തിയിരുന്നു. കോഴിക്കോട് പൈക്കാടന്‍മലയിലും സോയില്‍ പൈപ്പിങ് ഉണ്ടെന്നു മണ്ണ് സംരക്ഷണം, ജിയോളജി, സി ഡബ്യു ആര്‍ ഡി എം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ 2019 ഓഗസ്റ്റ് 14-ന് കണ്ടെത്തിയിരുന്നു.

കേരളത്തിലെ പ്രധാന സാധ്യത മേഖലകള്‍ ഏതൊക്കെയാണ് ?

ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സോയില്‍ പൈപ്പിങ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്.

സോയില്‍ പൈപ്പിങ് ഇല്ലാതാക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ ?

സോയില്‍ പൈപ്പിങ് പ്രകൃതിയുടെ പ്രതിഭാസമായതിനാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ആഴത്തില്‍ ഇറങ്ങുന്ന പുല്ലുകളും മരങ്ങളും വച്ചു പിടിപ്പിക്കുന്നതിലൂടെ സോയില്‍ പൈപ്പിങ്ങിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കും.

സോയില്‍ പൈപ്പിങ് പ്രകൃതിയുടെ പ്രതിഭാസമാണ്. എന്നാല്‍ മണ്ണിനടിയില്‍ നടക്കുന്ന പ്രതിഭാസത്തിന് മാത്രമേ മനുഷ്യന് പങ്കില്ലാത്തതെന്ന കാര്യം വിസ്മരിക്കാതിരിക്കുക. കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി മുറിച്ച മരങ്ങളായിരുന്നു കെട്ടിടത്തിനടിയിലെ മണ്ണിനെ പിടിച്ചുനിര്‍ത്തിയതെന്ന് ഓര്‍മ്മിക്കണം.

TAGS :

Next Story