Quantcast

അശ്വിന് ആറ് വിക്കറ്റ്; ന്യൂസിലാന്‍ഡ് 299 റണ്‍സിന് പുറത്ത്

MediaOne Logo

Damodaran

  • Published:

    19 March 2017 10:49 AM GMT

അശ്വിന് ആറ് വിക്കറ്റ്; ന്യൂസിലാന്‍ഡ് 299 റണ്‍സിന് പുറത്ത്
X

അശ്വിന് ആറ് വിക്കറ്റ്; ന്യൂസിലാന്‍ഡ് 299 റണ്‍സിന് പുറത്ത്

ന്യീസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള അവസരം ലഭിച്ചെങ്കിലും രണ്ടാം ഇന്നിങ്സിന് ഇറങ്ങാന്‍ നായകന്‍ കൊഹ്‍ലി തീരുമാനിച്ചു.

ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ക്ക് 276 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സെന്ന നിലയിലാണ്. ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിംഗ്‌സ് 299 റണ്‍സിന് അവസാനിച്ചിരുന്നു.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കിവീസിന് വേണ്ടി ഓപ്പണര്‍മാരായ ടോം ലാഥവും മാര്‍ട്ടിന്‍ ഗുപ്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 118 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്. ലാഥമിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് നല്‍കിയത്. മുപ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കിവീസിന് നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഒരു റണ്ണൌട്ടടക്കം നാല് പേരെയും പുറത്താക്കിയത് അശ്വിന്‍.

ജെയിംസ് നീഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്‍പാണ് കിവികളെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 71 റണ്‍സാണ് നീഷമിന്റെ സമ്പാദ്യം. ട്രെന്റ് ബോള്‍ട്ടിനെ കൂടി പുറത്താക്കി അശ്വിന്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഗുപ്തിലിനെയും ജിതിന്‍ പട്ടേലിനെയും റണ്ണൌട്ടാക്കിയതും. ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗൗതംഗംഭീറും മുരളി വിജയുമാണ് ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് തുടങ്ങിയത്. ആറ് റണ്‍സെടുത്ത ഗംഭീര്‍ റിട്ടേഡ് ഹര്‍ട്ടായി മടങ്ങി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 11 റണ്‍സുമായി മുരളി വിജയും ഒരു റണ്ണെടുത്ത ചെതേശ്വര്‍ പുജാരയുമാണ് ക്രീസില്‍.

TAGS :

Next Story