Quantcast

അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാന്‍ മൈക്കല്‍ ഫെല്‍പ്സ്

MediaOne Logo

Subin

  • Published:

    14 Feb 2018 5:37 AM IST

അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാന്‍ മൈക്കല്‍ ഫെല്‍പ്സ്
X

അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാന്‍ മൈക്കല്‍ ഫെല്‍പ്സ്

നീളം കുറഞ്ഞ കാലും വലിപ്പമുള്ള പാദങ്ങളുമായി റിയോയില്‍ കുതിക്കാന്‍ മൈക്കല്‍ ഫെല്‍പ്‌സ് എത്തുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്‍റെ മന്ദഹാസം ആ മുഖത്തുണ്ട്. തന്റെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കുമെന്ന നിശ്ചയ ദാര്‍ഢ്യവും.

ഒളിംപിക്സ് കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് ആരെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളുമുണ്ടാകും. എന്നാല്‍ 18 സ്വര്‍ണ്ണമടക്കം 22 മെഡലുകള്‍ വാരിക്കൂട്ടിയ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സ് ഇക്കാര്യത്തില്‍ മുന്നിലാണ്. തന്‍റെ അവസാന ഒളിംപിക്സില്‍ സ്വര്‍ണ്ണം നീന്തിയെടുക്കാന്‍ ഫെല്‍പ്സ് റിയോയിലുണ്ടാകും.

ഒളിംപിക്സിക്സില്‍ ഏറ്റവുമധികം മെഡലുകള്‍, ഏറ്റവുമധികം സ്വര്‍ണ്ണ മെഡലുകള്‍, വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം. നീന്തല്‍ കുളത്തില്‍ സ്വര്‍ണ്ണത്തോടൊപ്പം റെക്കോഡുകള്‍ കൂടി സ്വന്തമാക്കിയാണ് ഫെല്‍പ്സ് മുങ്ങിനിവരുന്നത്.

2004 ഏതന്‍സ് ഒളിംപിക്സിലായിരുന്നു ഫെല്‍പ്സിന്റെ തുടക്കം. ആ വരവില്‍ നീന്തിയെടുത്തത് മൂന്നു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍. ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും അധികം മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിന് അലക്‌സാണ്ടര്‍ ഡിറ്റിയാറ്റിനൊപ്പം തന്റെ പേരും എഴുതിചേര്‍ത്താണ് 19കാരനായ ഫെല്‍പ്‌സ് അന്നു കുളത്തില്‍ നിന്നും കരയ്ക്കു കയറിയത്.

ഏഥന്‍സില്‍ കണ്ടത് ഒരു തുടക്കം മാത്രമാണെന്ന് ഫെല്‍പ്‌സിന്റെ കാര്യത്തില്‍ അന്നാരും കരുതി കാണില്ല. അടുത്തത് ബീജിംഗ്. അവിടെ അടുത്ത റെക്കോഡ് ഫെല്‍പ്സിനെ കാത്തിരിപ്പുണ്ടായിരുന്നു..പങ്കെടുത്ത എട്ട് ഇനങ്ങളില്‍ എല്ലാത്തിലും സ്വര്‍ണ്ണം. അതില്‍‍ ഏഴ് ഇനങ്ങളിലും ലോക റെക്കോഡോടെ. ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും അധികം സ്വര്‍ണം നേടുന്ന താരമെന്ന റെക്കോഡും അന്ന് ഫെല്‍പ്സ് സ്വന്തമാക്കി. ചരിത്രങ്ങളുടെ മേല്‍ തന്‍റെതായ ചരിത്രം സൃഷ്ടിക്കുകയായിരുന്നു അയാള്‍. ലോകത്തെ ഏറ്റവും മികച്ച ഒളിംപ്യന്‍ ഫെല്‍പ്സാണെന്ന് ഇതിഹാസ താരം മാര്‍ക്ക് സ്പിറ്റ്സ് തന്നെ പറഞ്ഞു.

2012ല്‍ ലണ്ടനിലെത്തിയപ്പോള്‍ ഫെല്‍പ്സിന്‍റെ ചിറക് വേഗങ്ങള്‍ക്ക് വേഗത കുറഞ്ഞു. പതിനാറ് മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച ഫെല്‍പ്സ് 400 മീറ്ററില്‍ നാലാമനായി. തന്‍റെ പ്രിയപ്പെട്ട ഇനമായ 200 മീറ്ററില്‍ നേട്ടം വെള്ളിയിലൊതുങ്ങി. 4*100 മീറ്റര്‍ റിലേയില്‍ മാത്രമാണ് സ്വര്‍ണ്ണം നേടാനായത്..പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനവും വന്നു.

എന്നാല്‍ 2014ല്‍ താന്‍ തിരിച്ചുവരികയാണെന്ന് ഫെല്‍പ്സ് പ്രഖ്യാപിച്ചു. 200 മീറ്റര്‍ ട്രയല്‍സില്‍ മികച്ച സമയം കണ്ടെത്തിയാണ് നീന്തല്‍ കുളത്തിലെ സുവര്‍ണ്ണമത്സ്യം റിയോയിലെത്തുന്നത്. നീളം കുറഞ്ഞ കാലും വലിപ്പമുള്ള പാദങ്ങളുമായി റിയോയില്‍ കുതിക്കാന്‍ മൈക്കല്‍ ഫെല്‍പ്‌സ് എത്തുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്‍റെ മന്ദഹാസം ആ മുഖത്തുണ്ട്. തന്റെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കുമെന്ന നിശ്ചയ ദാര്‍ഢ്യവും.

TAGS :

Next Story