Quantcast

തുടര്‍ക്കഥയായി വിക്കറ്റിന് പിന്നിലെ മഹേന്ദ്രജാലം

MediaOne Logo

admin

  • Published:

    28 April 2018 10:39 AM GMT

തുടര്‍ക്കഥയായി വിക്കറ്റിന് പിന്നിലെ മഹേന്ദ്രജാലം
X

തുടര്‍ക്കഥയായി വിക്കറ്റിന് പിന്നിലെ മഹേന്ദ്രജാലം

മുഴുനീളന്‍ ഡൈവിലൂടെ സ്വയം രക്ഷ തേടിയ കാര്‍ത്തിക്കിന് പക്ഷേ വിക്കറ്റ് സംരക്ഷിക്കാനായില്ല, അത്രയ്ക്ക് എണ്ണം പറഞ്ഞതായിരുന്നു ധോണിയുടെ ത്രോ.


വിക്കറ്റിന് പിന്നില്‍ മഹേന്ദ്ര സിങ് ധോണിയെന്ന അതികായനാണെങ്കില്‍ അത്ഭുതങ്ങള്‍ സ്വാഭാവികമാണ്. മറ്റേത് വിക്കറ്റ് കീപ്പര്‍ക്കും അസാധ്യമാണെന്ന് തോന്നുന്നത് ചിന്തിക്കാനും പ്രാവര്‍ത്തികമാക്കാനും ധോണിക്ക് കഴിയും. ഐപിഎല്ലില്‍ തുടക്കത്തിലെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിഷ്പ്രഭനായെങ്കിലും പിന്നെ വിക്കറ്റിന് പിന്നിലും ബാറ്റ്സ്മാനെന്ന നിലയിലും ധോണി തനത് സംഭാവന നല്‍കാത്ത മത്സരം പൂനൈ ടീമിനെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് തന്നെ പറയാം. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലും വിക്കറ്റിന് പിന്നില്‍ തനിക്കോളം ആരുമില്ലെന്ന് തെളിയിക്കുന്ന അസാമാന്യ പ്രകടനം ധോണി പുറത്തെടുത്തു. വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്കിന്‍റെ ഇന്നിങ്സിന് തിരശ്ശീല വീഴ്ത്തുന്നതായിരുന്നു ആ മിന്നും പ്രകടനം.

ഗുജറാത്ത് ഇന്നിങ്സിന്‍റെ അവസാന ഓവര്‍. റെയ്ന ഉള്‍പ്പെടെയുള്ള കേമന്‍മാര്‍ക്ക് പൂട്ടിടുന്നതില്‍ വിജയിച്ച പൂനൈ പിന്നെ ഉന്നം വച്ചത് കാര്‍ത്തിക്കിനെ തളയ്ക്കാനായിരുന്നു. മൂന്നാം പന്തില്‍ കാടനടിക്ക് ശ്രമിച്ച ബേസില്‍ തന്പിക്ക് പിഴച്ചു. അവസരം മുതലെടുത്ത് ബാറ്റിങ് ക്രീസിലെത്താനായി കാര്‍ത്തിക്കിന്‍റെ ശ്രമം. സിംഗിളിനായി ഓടിയടുത്ത കാര്‍ത്തിക്കിനെ ഞെട്ടിച്ച് ഞൊടിയിടയില്‍ പന്തെടുത്ത ധോണി വിക്കറ്റിനെ ലക്ഷ്യമാക്കി എറിഞ്ഞു. മുഴുനീളന്‍ ഡൈവിലൂടെ സ്വയം രക്ഷ തേടിയ കാര്‍ത്തിക്കിന് പക്ഷേ വിക്കറ്റ് സംരക്ഷിക്കാനായില്ല, അത്രയ്ക്ക് എണ്ണം പറഞ്ഞതായിരുന്നു ധോണിയുടെ ത്രോ. ഡൈവ് ചെയ്ത് എഴുന്നേറ്റ കാര്‍ത്തിക് അന്പയറുടെ തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെ തിരികെ നടത്തം ആരംഭിച്ചു.

പിന്നീട് ക്രീസിലെത്തിയ ധോണി അടിച്ചു തകര്‍ത്ത സ്റ്റോക്ക്സിന് പിന്തുണയുമായി നിലകൊണ്ടു. കൂറ്റനടികള്‍ക്ക് തുനിയാതെ ശാന്തനായാണ് ധോണി ബാറ്റ് വീശിയത്. 76 റണ്‍സാണ് ധോണി - സ്റ്റോക്സ് സഖ്യം തുന്നിക്കൂട്ടിയത്. 26 റണ്‍സെടുത്ത ധോണി ബേസില്‍ തന്പിയുടെ ഇരയായി കൂടാരം കയറി.

TAGS :

Next Story