കാത്തിരുന്ന ഫുട്‌ബോള്‍ സ്വര്‍ണ്ണം ബ്രസീലിന് തന്നെ

കാത്തിരുന്ന ഫുട്‌ബോള്‍ സ്വര്‍ണ്ണം ബ്രസീലിന് തന്നെ
ഫൈനലില്‍ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന്റെ ആദ്യ സ്വര്‍ണ്ണമാണിത്
ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ചരിത്രമെഴുതി ബ്രസീലിന് സ്വര്‍ണ്ണ നേട്ടം. ഫൈനലില്‍ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന്റെ ആദ്യ സ്വര്‍ണ്ണമാണിത്.
ഇത്തവണ തോറ്റു കൊടുക്കാന്‍ ബ്രസീലിന് കഴിയില്ലായിരുന്നു. ലോകകപ്പ് സെമിയില്‍ നിന്ന് 25 മാസങ്ങള്‍ക്കിപ്പുറം ചരിത്രമുറങ്ങുന്ന മാരക്കാന സ്‌റ്റേഡിയത്തില്‍ വീണത് ബ്രസീലിന്റെ ആനന്ദക്കണ്ണുനീര്‍.
ആവേശകരമായിരുന്നു ഒളിംപിക്‌സ് ഫൈനല്‍. തുടക്കം മുതല്‍ നെയ്മറിനെ മുന്‍ നിര്‍ത്തി ആക്രമണമഴിച്ചു വിട്ടത് മഞ്ഞപ്പടയായിരുന്നു.
ജര്‍മ്മനിയാവട്ടെ കിട്ടിയ അവസരങ്ങളില്‍ ബ്രസീലിനെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ അവസാനം കളിച്ച 3 കളികളില്‍ കുലുങ്ങാത്ത ജര്‍മ്മന്‍ ഗോള്‍വല നെയ്മര്‍ 28വാര അകലെ നിന്നുള്ള ഫ്രീ കിക്കിലൂടെ കുലുക്കി. ഞെട്ടിയുണര്‍ന്ന ജര്‍മ്മന്‍ ടീം ആക്രമണ വഴി തെരഞ്ഞെടുത്തു.
തുടരെ മഞ്ഞപ്പട ജര്‍മ്മന്‍ പ്രതിരോധ നിരയെ പരീക്ഷിച്ചെങ്കിലും ജര്‍മ്മനി തിരിച്ചടിച്ചു. ജര്‍മ്മനി ക്യാപ്റ്റന്‍ മാക്‌സിമില്ലറിലൂടെയാണ് ലക്ഷ്യം കണ്ടത്. 59ാം മിനുറ്റിലായിരുന്നു മാക്‌സ് മേയറുടെ സമനിലഗോള്‍. പിന്നീട് അരഡസനിലധികം അവസരങ്ങള്‍ ബ്രസീല്‍ തുറന്നെടുത്തു. നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നു വീണില്ല.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ബ്രസീലും ജര്‍മ്മനിയും ആദ്യ നാല് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ അഞ്ചാം കിക്കെടുത്ത ജര്‍മ്മനിയുടെ നില്‍സ് പീറ്റേഴ്‌സന്റെ കിക്ക് വെവെര്‍ട്ടന്റെ കൈകളിലേക്ക്. നിര്‍ണ്ണായ കിക്കെടുക്കാനെത്തിയത് ക്യാപ്റ്റന്‍ നെയ്മര്‍. മത്സരം സഡന്‍ ഡെത്തിലേക്ക് നീട്ടാതെ നെയ്മര്‍ ബ്രസീലിന് ചരിത്രനേട്ടം സമ്മാനിച്ചു.
ലോകകപ്പും കോപ്പ അമേരിക്കയുമുള്‍പ്പെടെ നേടിയ ബ്രസീല്‍ ടീമിന് ഒളിംപിക് സ്വര്‍ണ്ണം മാത്രമായിരുന്നു അന്യമായിരുന്നത്. ആ കുറവും ബ്രസീല്‍ നികത്തിക്കഴിഞ്ഞു.
Adjust Story Font
16

