Quantcast

ഹര്‍ഷ ബോഗ്ളെയുടെ പുറത്താക്കലിനു പിന്നില്‍ ഇന്ത്യയിലെ സീനിയര്‍ താരങ്ങള്‍?

MediaOne Logo

admin

  • Published:

    11 May 2018 1:45 AM GMT

ഹര്‍ഷ ബോഗ്ളെയുടെ പുറത്താക്കലിനു പിന്നില്‍ ഇന്ത്യയിലെ സീനിയര്‍ താരങ്ങള്‍?
X

ഹര്‍ഷ ബോഗ്ളെയുടെ പുറത്താക്കലിനു പിന്നില്‍ ഇന്ത്യയിലെ സീനിയര്‍ താരങ്ങള്‍?

ട്വന്‍റി20 ലോകകപ്പിനിടെ ബോഗ്ളെ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനെ അലോരസപ്പെടുത്തിയിരുന്നു.

ഐപിഎല്‍ കമന്‍ററി സംഘത്തില്‍ നിന്നും വിഖ്യാത കമന്‍റേറ്ററായ ഹര്‍ഷ ബോഗ്ളെയെ ഒഴിവാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില സീനിയര്‍ താരങ്ങളുടെ അതൃപ്തിയെന്ന് സൂചന. ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്പുവരെ കമന്‍റേറ്റര്‍മാരുടെ സംഘത്തില്‍ താനുണ്ടായിരുന്നുവെന്നും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് തന്‍റെ അനുമതി ചോദിച്ചിരുന്നതാണെന്നും ബോഗ്ളെ വ്യക്തമാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഒരു ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് സേവനം ആവശ്യമില്ലെന്ന വിവരം ബോഗ്ളെയെ അറിയിച്ചത്.

ട്വന്‍റി20 ലോകകപ്പിനിടെ ബോഗ്ളെ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനെ അലോരസപ്പെടുത്തിയിരുന്നു. ബോഗ്ളെയെ പരോക്ഷമായി സൂചിപ്പിച്ച് ബോളിവുഡ് രാജാവ് അമിതാഭ് ബച്ചന്‍ നടത്തിയ ഒരു ട്വീറ്റ് കൂടുതലൊന്നും പറയാനില്ലെന്ന ആമുഖത്തോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി റീട്വീറ്റ് ചെയ്തതത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എല്ലാ ബഹുമാനത്തോടും കൂടി വ്യക്തമാക്കട്ടെ ഒരു ഇന്ത്യന്‍ കമന്‍റേറ്റര്‍ മറ്റ് രാജ്യത്തെ താരങ്ങളെ കുറിച്ച് പറയുന്ന സമയത്തെക്കാളധികം സമയം സ്വന്തം രാജ്യത്തെ താരങ്ങളെ കുറിച്ച് സംസാരിക്കാന്‍ വിനിയോഗിക്കുന്നതാകും ഭംഗിയെന്നായിരുന്നു ബിഗ് ബിയുടെ ട്വീറ്റ്.

മാധ്യമങ്ങളുടെ ചോദ്യങ്ങളോടെ പരിഹാസ രൂപേണയുള്ള മറുപടി പറയുന്ന പ്രവണത ഇന്ത്യന്‍ ടീമംഗങ്ങളില്‍ അടുത്തകാലത്ത് പ്രകടമായിരുന്നു. ധോണി. റെയ്ന, അശ്വിന്‍ എന്നീ സീനിയര്‍ താരങ്ങളായിരുന്നു ഇതില്‍ മുന്‍പന്തിയില്‍.

ബംഗ്ലാദേശിനെതിരായ മത്സരം ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ജയിച്ച ശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഇന്ത്യ ജയിച്ചതില്‍ താങ്കള്‍ സന്തോഷവാനല്ലെന്ന് ധോണി തിരിച്ചടിച്ചതോടെയാണ് പരിഹാസ പരമ്പരക്ക് തുടക്കം കുറിച്ചത്. ഇന്ത്യ പുറത്തായ സെമിക്കു ശേഷം ഒരു ഓസീസ് മാധ്യമ പ്രവര്‍ത്തകനും ധോണിയുടെ പരിഹാസത്തിന് ഇരയായിരുന്നു.

ഇന്ത്യന്‍ പരിശീലകനാണോ അതോ വിദേശ പരിശീലകനാണോ താങ്കളുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിന് യോജിക്കുന്നതെന്ന ചോദ്യത്തിന് താങ്കളുടെ ഭാര്യയിലാണോ അതോ അന്യന്‍റെ ഭാര്യയിലാണോ താങ്കള്‍ക്ക് സംതൃപ്തിയെന്ന മറുചോദ്യവുമായി റെയ്നയും നായകന്‍റെ പാത തന്നെ അനുഗമിച്ചു.

മുംബൈയിലെ മഞ്ഞു മൂലം അവസാന ഓവറുകള്‍ ഏതുരീതിയിലാകും കൈകാര്യം ചെയ്യുക എന്ന ചോദ്യത്തിന് കൂടുതല്‍ മികച്ച ചോദ്യം ചോദിക്കൂ എന്നായിരുന്നു ട്വന്‍റി20യില്‍ സമ്പൂര്‍ണ പരാജയമായി മാറിയ ധോണിയുടെ പ്രിയ സ്പിന്നര്‍ അശ്വിന്‍റെ മറുപടി. ലോകകപ്പ് സെമിയില്‍ മുഴുവന്‍ ഓവറുകളും എറിയാന്‍ ധോണി നിയോഗിച്ചിരുന്നില്ലല്ലോ എന്ന ചോദ്യമാണ് അശ്വിനെ ചൊടിപ്പിച്ചത്.

സംഭവം എന്തായാലും ഹര്‍ഷയുടെ പുറത്താക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചവിഷയമായി മാറികഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ തനിക്കെതിരെ പരാതിയുമായി രംഗതെത്തിയതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ബോഗ്ളെ ഗാംഗുലി. ലക്ഷ്മണ്‍, ദ്രാവിഡ്, സച്ചിന്‍ എന്നിവര്‍ ക്ലാസിക് കളിക്കാരായിരുന്നുവെന്നും ഇത്തരം ചെറിയ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് സമയം കളയാതിരിക്കാനുള്ള മാന്യത അവര്‍ പ്രകടമാക്കിയിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

TAGS :

Next Story