Quantcast

ഇംഗ്ലണ്ട് - പാകിസ്താന്‍ ഏകദിനത്തില്‍ തകര്‍ന്ന റെക്കോഡുകള്‍

MediaOne Logo

Damodaran

  • Published:

    12 May 2018 10:28 AM GMT

ഇംഗ്ലണ്ട് - പാകിസ്താന്‍ ഏകദിനത്തില്‍ തകര്‍ന്ന റെക്കോഡുകള്‍
X

ഇംഗ്ലണ്ട് - പാകിസ്താന്‍ ഏകദിനത്തില്‍ തകര്‍ന്ന റെക്കോഡുകള്‍

ഇംഗ്ലണ്ട് ഇന്നിങ്സില്‍ 59 ബൌണ്ടറികള്‍ പിറന്നെങ്കിലും നെതര്‍ലാന്‍ഡിനെതിരെ 2006ല്‍ ശ്രീലങ്ക കുറിച്ച റെക്കോഡിന് ഒപ്പമെത്താന്‍ മാത്രമെ ഇംഗ്ലണ്ടിനായുള്ളു. മത്സരത്തില്‍ കടപുഴകി വീണ ....

ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തിയ ഇംഗ്ലണ്ട് പാകിസ്താനെ നിഷ്പ്രഭമാക്കിയ മത്സരം കണ്ടത് റെക്കോഡുകളുടെ പെരുമഴയായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്സില്‍ 59 ബൌണ്ടറികള്‍ പിറന്നെങ്കിലും നെതര്‍ലാന്‍ഡിനെതിരെ 2006ല്‍ ശ്രീലങ്ക കുറിച്ച റെക്കോഡിന് ഒപ്പമെത്താന്‍ മാത്രമെ ഇംഗ്ലണ്ടിനായുള്ളു. മത്സരത്തില്‍ കടപുഴകി വീണ മറ്റ് റെക്കോഡുകള്‍ നോക്കാം

ഏകദിനത്തില്‍ ഇംഗ്ലീഷ് താരത്തിന്‍റെ മികച്ച വ്യക്തിഗത സ്കോര്‍


ഏകദിനത്തിലെ ഒരു ഇംഗ്ലീഷുകാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോഡ് നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അലക്സ് ഹെയില്‍സ് തിരുത്തി കുറിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ 7,14 എന്നീ സ്കോറുകളുടെ ഉടമയായ ഹെയില്‍‌സ് കേവലം 55 പന്തുകളില്‍ നിന്നും തന്‍റെ അര്‍ധശതകം കണ്ടെത്തി. പിന്നെ ഗിയര്‍ മാറ്റി പാക് ബൌളര്‍മാരെ നിഷ്കരുണം അടിച്ചുപരത്തുന്ന ഹെയില്‍സിനെയാണ് കണ്ടത്. 165 റണ്‍സില്‍ എത്തിനില്‍ക്കെ ഒരു എല്‍ബിഡബ്ലിയു അപ്പീല്‍ അതിജീവിച്ച ഹെയില്‍സ് ബൌണ്ടറിയോടെ റെക്കോഡിലേക്ക് ഇരമ്പികയറി. തൊട്ടടുത്ത പന്തില്‍ തന്നെ 171 റണ്‍സ് എന്ന വ്യക്തിഗത സ്കോറില്‍ കൂടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. 1993ല്‍ പരമ്പരാഗത വൈരികളായ കംഗാരുക്കള്‍ക്കള്‍ക്കെതിരെ പുറത്താകാതെ നേടിയ 167 റണ്‍സായിരുന്നു ഏകദിനത്തിലെ ഒരു ഇംഗ്ലീഷ് കളിക്കാരന്‍റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.

ഒരു മത്സരത്തില്‍ 100 റണ്‍ വഴങ്ങുന്ന ആദ്യ പാക് ബൌളറായി റിയാസ്


പാകിസ്താന്‍ പേസര്‍‌ വഹാബ് റിയാസ് മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാകും ഇത്, നൂറിലേറെ റണ്‍സ് വഴങ്ങുന്ന ആദ്യ പാകിസ്താന്‍ ബൌളര്‍ എന്ന അപഖ്യാതി ഇതോടെ റിയാസിന്‍റെ പേരിലായി. പത്ത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയ റിയാസ് ഏകദിന ചരിത്രത്തിലെ ധാരാളിയായ രണ്ടാമത്തെ ബൌളര്‍ കൂടിയായി. 113 റണ്‍സ് വഴങ്ങിയ മിക് ലൂയിസാണ് പട്ടികയിലെ ഒന്നാമന്‍. പാകിസ്താന്‍ ചരിത്രത്തിലെ ഏറ്റവും ധാരാളിയായ പാകിസ്താന്‍ ബൌളര്‍മാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇത് മൂന്നാം തവണയാണ് റിയാസ് ഇടംപിടിക്കുന്നത്.

ഏകദിനത്തില്‍ ഇംഗ്ലീഷ് താരത്തിന്‍റെ അതിവേഗ അര്‍ധശതകം

ഇംഗ്ലണ്ട് ഇന്നിങ്സിന്‍റെ മുപ്പത്തിയെട്ടാമത്തെ ഓവറില്‍ മാത്രം ക്രീസിലെത്തിയ ജോസ് ബട്ട്‍ലര്‍ അഗ്നിഗോളം കണക്കെയാണ് കത്തിക്കയറിയത്. ഹെയില്‍സിനെ പോലും മറികടന്നേക്കുമെന്ന പ്രതീതി വളര്‍ത്തിയെങ്കിലും ശതകം പൂര്‍ത്തിയാക്കാനുള്ള സമയം ബട്ട്ലര്‍ക്ക് ലഭിച്ചില്ല. 22 പന്തുകളില്‍ നിന്നും അര്‍ധശതകത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പറന്ന് കയറിയ ബട്ട്ലര്‍ ഏകദിനത്തിലെ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ വേഗമേറിയ അര്‍ധശതകത്തിന് ഉടമയായി. ട്വന്‍റി20 ലോകകപ്പിലൂടെ ഇംഗ്ലണ്ടിന് ഏക ലോകകീരീടം സമ്മാനിച്ച കോളിങ്‍വുഡിന്‍റെ റെക്കോഡാണ് ഈ കുത്തൊഴുക്കില്‍ ഒലിച്ചു പോയത്.


ആമിര്‍ എന്ന ബാറ്റ്സ്മാന്‍ ചരിത്രത്തിലേക്ക്


വിവാദങ്ങളും ജയില്‍‌വാസവും എല്ലാം കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ആമിര്‍ വന്‍ പരാജയത്തിനിടയിലും പാകിസ്താന് ആശ്വാസമായി. ബൌളര്‍മാര്‍ക്ക് കണക്കിന് പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന മത്സരത്തില്‍ ആമിര്‍ തിളങ്ങിയത്. പതിനൊന്നാമനായി ആമിര്‍ ക്രീസിലെത്തിയപ്പോള്‍ ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ദയനീയ പരാജയത്തിന്‍റെ പടിവാതില്‍ക്കലിലായിരുന്നു പാകിസ്താന്‍. കേവലം 13 റണ്‍ നേടിയാല്‍ ആ അപഖ്യാതി മാറുമെന്ന ആശ്വാസവും പ്രതീക്ഷയും മാത്രമായിരുന്നു പാകിസ്താന്‍ ടീമിനും ആരാധകര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ 28 പന്തുകളില്‍ നിന്നും 58 റണ്‍സ് നേടിയ ആമിര്‍ ഏകദിന ചരിത്രത്തില്‍ ആദ്യമായി അര്‍ധശതകം നേടുന്ന പതിനൊന്നാമനായി മാറി. അദില്‍ റഷീദിനെ തുടര്‍ച്ചയായി മൂന്നു തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയാണ് ആമിര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

TAGS :

Next Story