Quantcast

തോല്‍വിയിലും ആവേശം നിറച്ച് പാണ്ഡ്യ

MediaOne Logo

Subin

  • Published:

    12 May 2018 9:15 AM GMT

തോല്‍വിയിലും ആവേശം നിറച്ച് പാണ്ഡ്യ
X

തോല്‍വിയിലും ആവേശം നിറച്ച് പാണ്ഡ്യ

അഞ്ചാം പന്തില്‍ ബൗണ്ടറി കൂടി നേടിയ പാണ്ഡ്യ ഇരുപത്തിരണ്ടാം ഓവറില്‍ മാത്രം അടിച്ചെടുത്തത് 23 റണ്‍സ്...

339 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍ എന്ന നിലയില്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഹാര്‍ദിക് പാണ്ഡ്യെ ക്രീസിലെത്തിയത്. ഏറെ വൈകാതെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് ഇന്ത്യ 72ന് 6 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീടായിരുന്നു പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടം.

രോഹിത് ശര്‍മ്മ(0), ധവാന്‍(21), കോഹ്ലി(5), യുവരാജ്(22), ധോണി(4), ജാദവ്(9) എന്നിങ്ങനെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംങ് നിര കൂടാരം കയറിയതിന് ശേഷമാണ് പാണ്ഡ്യ ഏക പ്രതീക്ഷയായി കളം നിറഞ്ഞാടിയത്. മറുവശത്ത് രവീന്ദ്ര ജഡേജയെ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി ശതാബ് ഖാനെ പതിനെട്ടാം ഓവറിലെ മൂന്നാം പന്ത് ലോങ് ഓണിന് മുകളിലൂടെ പറത്തിയാണ് പാണ്ഡ്യെ തുടങ്ങിയത്. നിരാശയുടെ പടുകുഴിയിലേക്ക് വീണ ഇന്ത്യന്‍ ആരാധകരെ പാണ്ഡ്യ ആവേശത്തിലാക്കിയത് 22ആം ഓവറിലായിരുന്നു.

ശതാബ് ഖാന്‍ എറിഞ്ഞ ഇരുപത്തിരണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ പാണ്ഡ്യ സിക്‌സറിന് തൂക്കി. രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍. മൂന്നാം പന്തും സിക്‌സറടിച്ച പാണ്ഡ്യ 32 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ചു. അഞ്ചാം പന്തില്‍ ബൗണ്ടറി കൂടി നേടിയ പാണ്ഡ്യ ഈ ഓവറില്‍ മാത്രം അടിച്ചെടുത്തത് 23 റണ്‍സ്. ഇരുപത്തഞ്ചാം ഓവര്‍ എറിയാന്‍ വന്ന ഫക്തര്‍ സമാനും പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. അഞ്ചാം പന്തും ആറാം പന്തും ഗാലറിയിലേക്ക് അടിച്ചകറ്റി പാണ്ഡ്യ ഇന്ത്യന്‍ സ്‌കോര്‍ 150ലെത്തിച്ചു.

ഹസന്‍ അലിയെ തിരിച്ചുവിളിക്കാനുള്ള പാക് ക്യാപ്റ്റന്‍ സര്‍ഫറാസിന്റെ തീരുമാനമാണ് നിര്‍ണ്ണായകമായത്. ആദ്യ രണ്ട് പന്തുകളില്‍ രവീന്ദ്ര ജഡേജക്ക് റണ്‍ കണ്ടെത്താനായില്ല. അലിയുടെ മൂന്നാം പന്ത് കവറിലേക്ക് മുട്ടിയിട്ടു. ഫീല്‍ഡറുടെ കയ്യിലേക്ക് പന്ത് പോകവേ പാണ്ഡ്യ ബൗളര്‍ എന്‍ഡില്‍ നിന്നും ഓട്ടം തുടങ്ങിയിരുന്നു. പാണ്ഡ്യ ബാറ്റിംങ് എന്‍ഡിലെത്തുമ്പോഴും ജഡേജ അരുതെന്ന് പറഞ്ഞ് ക്രീസില്‍ തന്നെയായിരുന്നു. ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഇന്ത്യക്ക് മത്സരത്തിലെ ഏറ്റവും വിലപ്പെട്ട വിക്കറ്റാണ് നഷ്ടമായത്.

റണ്ണൗട്ടായ പാണ്ഡ്യ വായുവിലേക്ക് ബാറ്റുവീശി നിരാശ പ്രകടിപ്പിച്ചാണ് മടങ്ങിയത്. നാല് ഫോറുകളും ആറ് സിക്‌സറുകളും അടക്കം 76 റണ്ണടിച്ച പാണ്ഡ്യക്കൊപ്പം ഇന്ത്യയുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംങ്‌സ് കളിച്ചാണ് പാണ്ഡ്യ മടങ്ങിയത്. ഇതുവരെ കളിച്ച 12 ഏകദിനങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പാണ്ഡ്യ ഓവലില്‍ പാകിസ്താനെതിരെ പൊരുതി നേടിയത്.

TAGS :

Next Story