Quantcast

കുക്ക് വരുന്നു, സച്ചിന് ഭീഷണിയുമായി

MediaOne Logo

admin

  • Published:

    17 May 2018 6:32 PM GMT

കുക്ക് വരുന്നു, സച്ചിന് ഭീഷണിയുമായി
X

കുക്ക് വരുന്നു, സച്ചിന് ഭീഷണിയുമായി

ഇപ്പോഴത്തെ നിലയില്‍ പോകുകയാണെങ്കില്‍ സച്ചിനുയര്‍ത്തിയ റണ്‍ കൂമ്പാരത്തിന് മുകളില്‍ കുക്ക് സ്വയം പ്രതിഷ്ഠിച്ചാലത് അത്ഭുതമാകില്ല. 4301 റണ്‍ മാത്രം മതി കുക്കിന് സച്ചിനെ മറികടക്കാന്‍. 32 കാരനായ കുക്കിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയ .....

ഇന്ത്യക്ക് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്താണോ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അതേ സ്ഥാനമാണ് അലിസ്റ്റര്‍ കുക്കിന്. കുക്ക് എന്ന റണ്‍ യന്ത്രം സച്ചിനെപ്പോലെ വാര്‍ത്തകളിലെ താരമല്ല, പക്ഷേ എതിര്‍ നിരയില്‍ ആശങ്കയുടെ ഒരു വെള്ളിടി വീഴ്ത്താന്‍ ആ പേര് ധാരാളം. വെസ്റ്റിന്‍ഡിസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇരട്ട ശതകവുമായി ഒരിക്കല്‍ കൂടി തിളങ്ങിയ കുക്ക് കളമൊഴിഞ്ഞ സച്ചിന്‍റെ റെക്കോഡുകളിലേക്കാണ് ഉന്നം വച്ചിരിക്കുന്നത്. 200 ടെസ്റ്റുകളില്‍ നിന്ന് 15,291 റണ്‍ അടിച്ചു കൂട്ടിയെ സച്ചിനെക്കാള്‍ ഏറെ പിന്നിലാണ് ടെസ്റ്റുകളുടെയും റണ്‍സിന്‍റെയും കാര്യത്തില്‍ കുക്ക് ഇപ്പോള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി തുടരുന്ന മിന്നും ഫോം തുടര്‍ന്നാല്‍ സച്ചിന്‍റെ റെക്കോഡുകള്‍ ഇംഗ്ലീഷ് താരത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകില്ല. അസാധ്യമാണെന്ന് ക്രിക്കറ്റ് ലോകം കരുതി വരുന്ന റെക്കോഡുകള്‍ റണ്‍ മഴ ഒരുക്കി കുക്ക് അലിയിച്ചാല്‍ അത് കേവലം ചരിത്രം മാത്രമാകില്ലെന്ന് ഉറപ്പ്, അത്രക്കങ്ങോട്ട് അസാധ്യമല്ല ഇതെന്ന ചിന്ത സാധാരണ ക്രിക്കറ്റ് പ്രേമിയില്‍ വരെ ഉണര്‍ത്താനായത് കുക്കിന്‍റെ അല്ലെങ്കില്‍ ആ ബാറ്റിങ് വിരുന്നിന്‍റെ ജയമാണ്.

145 ടെസ്റ്റുകളാണ് കുക്ക് ഇതുവരെയായി കളിച്ചിട്ടുള്ളത്. അടിച്ച് കൂട്ടിയതാകട്ടെ 11,568 റണ്‍സും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ എന്ന പട്ടം ഇരട്ട ശതകത്തോടെ കുക്ക് സ്വന്തമാക്കി. ഇപ്പോഴത്തെ നിലയില്‍ പോകുകയാണെങ്കില്‍ സച്ചിനുയര്‍ത്തിയ റണ്‍ കൂമ്പാരത്തിന് മുകളില്‍ കുക്ക് സ്വയം പ്രതിഷ്ഠിച്ചാലത് അത്ഭുതമാകില്ല. 4301 റണ്‍ മാത്രം മതി കുക്കിന് സച്ചിനെ മറികടക്കാന്‍. 32 കാരനായ കുക്കിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയ ലക്ഷ്യമാകില്ലെന്ന് വേണം കരുതാന്‍ - ചുരുങ്ങിയത് പ്രായത്തിന്‍റെ കാര്യത്തിലെങ്കിലും. ഫോമിന്‍റെ ഉന്നതിയിലേക്ക് പല താരങ്ങലും ഉയര്‍ന്നത് പ്രായം മുപ്പത് പിന്നിട്ടപ്പോഴാണ്. സാക്ഷാല്‍ സച്ചിന്‍ തന്നെ ഇതിന് ഉദാഹരണം. 34 ടെസ്റ്റ് ശതകമെന്ന ഗവാസ്കറുടെ റെക്കോഡ് പിന്നിട്ടപ്പോള്‍ സച്ചിന് പ്രായം 32 മാത്രമായിരുന്നു. അതേ ഇടത്താണ് കുക്ക് ഇന്ന് എത്തി നില്‍ക്കുന്നത്.

200 ടെസ്റ്റ് എന്ന നേട്ടവും കുക്കിന് വലിയ ഭീഷണിയാകാനിടയില്ല. എത്ര കാലത്തോളം കുക്ക് കളത്തില്‍ തുടരുമെന്നത് മാത്രമാണ് ഇതിലുള്ള ഏക ആശങ്ക. സച്ചിനെപ്പോലെ 40 വയസു വരെ കളത്തില്‍ തുടരാനായാല്‍ 200 ടെസ്റ്റ് കുക്ക് കളിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുത്ത രണ്ട് വര്‍ഷത്തെ പ്രകടനമാകും സച്ചിനില്‍ നിന്ന് കുക്കിനെ വേര്‍പ്പെടുത്തുക. ഈ രണ്ട് വര്‍ഷം കുക്കിന്‍റേതായാല്‍ പിന്നെ ചരിത്രവും ഇംഗ്ലീഷുകാരന്‍റേതാകും.

TAGS :

Next Story