ഇംഗ്ലീഷ് ലീഗ്; വമ്പന്മാര്‍ ഇന്ന് കളത്തില്‍

ഇംഗ്ലീഷ് ലീഗ്; വമ്പന്മാര്‍ ഇന്ന് കളത്തില്‍
മാഞ്ചസ്റ്റര്‍ ഡെര്‍ബിയാണ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടം
ഇംഗ്ലിഷ് ലീഗില്‍ വമ്പന്മാര്‍ ഇന്ന് കളത്തിലറങ്ങും. മാഞ്ചസ്റ്റര്‍ ഡെര്‍ബിയാണ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടം. ചെല്‍സി, ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.
സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും. ചാണക്യന്‍മാരായ രണ്ട് പരിശീലകര്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും യുണൈറ്റഡ്- സിറ്റി പോരാട്ടം. നേര്‍ക്കുനേര്‍ വന്ന പതിനാറ് മത്സരങ്ങളില്‍ 7 എണ്ണത്തിലും ജയം ഗാര്‍ഡിയോളക്കൊപ്പമായിരുന്നു. മറുവശത്ത് തുടര്‍ വിജയങ്ങളിലാണ് മൌറീന്യോ ആശ്വാസം കാണുന്നത്. പരിക്കേറ്റ ഹെന്റിക് മിഖിതര്യന്‍ സിറ്റിക്കെതിരെ കളിച്ചേക്കില്ല. വിലക്ക് നേരിടുന്ന സെര്‍ജിയോ അഗ്യൂറോ സിറ്റിക്കൊപ്പമുണ്ടാകില്ല. ദേശീയ ടീമിനൊപ്പം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അന്‍റോണിയോ വലന്‍സിയ ടീമില്‍ തിരിച്ചെത്തും.
പരിശീലനത്തിനിറങ്ങിയെങ്കിലും പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത നായകന്‍ വിന്‍സെന്റ് കോംപനിയും കളിക്കുന്ന കാര്യം സംശയത്തിലാണ് . മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇരു ടീമുകളും വിജയിച്ചത്. ആഴ്സണലിന് സതാംപ്റ്റണും ചെല്‍സിക്ക് സ്വാന്‍സിയ സിറ്റിയുമാണ് എതിരാളികള്‍.
Adjust Story Font
16

