Quantcast

മെഡലില്‍ പിഴച്ച ഉന്നം

MediaOne Logo

Alwyn

  • Published:

    21 May 2018 2:37 PM GMT

മെഡലില്‍ പിഴച്ച ഉന്നം
X

മെഡലില്‍ പിഴച്ച ഉന്നം

ആദ്യ ദിനങ്ങളില്‍ ഷൂട്ടിങില്‍ തിരിച്ചടി നേരിട്ടെങ്കിലും ബിന്ദ്ര ഇന്ദ്രജാലം കാണിക്കുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം

മെഡല്‍ പ്രതീക്ഷയായിരുന്ന അഭിനവ് ബിന്ദ്രയുടെ പുറത്താകല്‍ ഇന്ത്യക്ക് ഞെട്ടലാണ് സമ്മാനിച്ചത്. ആദ്യ ദിനങ്ങളില്‍ ഷൂട്ടിങില്‍ തിരിച്ചടി നേരിട്ടെങ്കിലും ബിന്ദ്ര ഇന്ദ്രജാലം കാണിക്കുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. ബിന്ദ്രയുടെ പുറത്താകല്‍ റിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേറ്റത്.

റിയോയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ബിന്ദ്ര വെടിവെച്ചിടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നരംഗ് കൂടി പുറത്തായതോടെ 121 കോടി മനുഷ്യരുടെ പ്രതീക്ഷകളത്രയും ഈ പഞ്ചാബുകാരനിലായി. എന്നാല്‍ തന്റെ ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരിച്ച ബിന്ദ്ര ഇന്ത്യക്ക് ഒരേ സമയം നിരാശയും വേദനയുമാണ് സമ്മാനിച്ചത്. ഒരുവേള രണ്ടാം സ്ഥാനം വരെ എത്തിയ അഭിനവ് ബിന്ദ്രയ്ക്ക് 163.8 പോയിന്റോടെ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അര പോയിന്റ് വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാകുമ്പോള്‍ അത് ബിന്ദ്രക്കൊപ്പം ഒരു രാജ്യത്തിന്റെ തന്നെ വേദനയാവുകയാണ്. റിയോ ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനി ഇന്ത്യക്കായി തോക്കേന്താന്‍ ബിന്ദ്ര ഉണ്ടാവില്ല. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഒരേ സമയം ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ ഏക ഇന്ത്യാക്കാരന്‍ കൂടിയാണ് ബിന്ദ്ര.4 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര്‍ണ്ണവും ഗുവാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ബിന്ദ്ര നേടിയിരുന്നു. റിയോയില്‍ മെഡല്‍ നേടാനായില്ലെങ്കിലും തലയുയര്‍ത്തിയാണ് ബിന്ദ്ര കരിയര്‍ അവസാനിപ്പിക്കുന്നത്.

TAGS :

Next Story