Quantcast

മുംബൈയെ മുക്കി ഡെവിള്‍സ്

MediaOne Logo

admin

  • Published:

    25 May 2018 6:03 PM GMT

മുംബൈയെ മുക്കി ഡെവിള്‍സ്
X

മുംബൈയെ മുക്കി ഡെവിള്‍സ്

ഐപിഎല്ലില്‍ സ്വന്തം തട്ടകമായി ഫിറോസ് ഷാ കോട്‍ല മൈതാനത്ത് ഡല്‍ഹി ഡെയര്‍‍ഡെവിള്‍സിന് ആവേശജയം

ഐപിഎല്ലില്‍ സ്വന്തം തട്ടകമായ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് ഡല്‍ഹി ഡെയര്‍‍ഡെവിള്‍സിന് ആവേശജയം. ഡെവിള്‍സ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. മോറിസ് എറിഞ്ഞ ഓവര്‍ മുംബൈക്ക് വാരിക്കുഴി ഒരുക്കുകയായിരുന്നു. മൂന്നാമത്തെ പന്തില്‍ രോഹിത് ശര്‍മ നിര്‍ഭാഗ്യത്തിന്റെ നിഴലില്‍ റണ്ണൌട്ടായതോടെ മുംബൈയുടെ വിധി അവിടെ എഴുതി കഴിഞ്ഞിരുന്നു. ഒടുവില്‍ പത്തു റണ്‍സിന്റെ തോല്‍വി വഴങ്ങി മുംബൈ കളംവിട്ടു.

നേരത്തെ ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്‍ ഡി കുക്കി(9)നെ വീഴ്‍ത്തിയെങ്കിലും ഡല്‍ഹിയുടെ സ്‍കോര്‍ മാന്യമായ വേഗത്തില്‍ കുതിച്ചു. അധികം വൈകാതെ ശ്രേയസ് അയ്യറും(19) കൂടാരം കയറി. തൊട്ടുപിന്നാലെ കരുണ്‍ നായരും(5) രണ്ടക്കം കാണാതെ കളംവിട്ടതോടെ മുംബൈ ആവേശത്തിലായി. എന്നാല്‍ ഈ ആത്മവിശ്വാസത്തിന് അധികം ആയുസുണ്ടായില്ല. മലയാളി താരം സഞ്ജു വി സാംസണും ജെപി ഡുമിനിയും ക്രീസില്‍ നിറഞ്ഞുകളിച്ചതോടെ ഡല്‍ഹി കളിയില്‍ ആധിപത്യം നേടി. സഞ്ജു അര്‍ധ സെഞ്ച്വറി പ്രകടനവുമായി ഡല്‍ഹിയെ നൂറു കടത്തി. ഒപ്പം സ്‍ഫോടനാത്മകമായി നിറഞ്ഞാടി ഡുമിനിയും ചേര്‍ന്നതോടെ പന്ത് തുടര്‍ച്ചയായി ഗാലറി കണ്ടു. സഞ്ജു 48 പന്തില്‍ നിന്നു 60 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഡുമിനി 31 പന്തില്‍ നിന്നു വിക്കറ്റ് നഷ്ടപ്പെടുത്താതെ 49 റണ്‍സ് നേടി. ഇതോടെ ഡല്‍ഹിയുടെ സ്‍കോര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 ല്‍ വിശ്രമിച്ചു.

മറുപടി ബാറ്റിങിനു ഇറങ്ങിയ മുംബൈയുടെ തുടക്കവും അത്ര ആശവഹമായിരുന്നില്ല. വിക്കറ്റിനിടയിലെ ഓട്ടം പിഴച്ച പാര്‍ഥ്വിവ് പട്ടേല്‍ ഒരു റണ്‍ സമ്പാദ്യവുമായി മടങ്ങി. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. 25 റണ്‍സുമായി റായിഡു ക്രീസിനോട് യാത്ര പറഞ്ഞതോടെ രോഹിത്തിന് കൂട്ടായി പാണ്ഡ്യ എത്തി. കനത്ത പ്രഹര ശേഷിയോടെ ബാറ്റ് വീശിയ പാണ്ഡ്യ മുംബൈയുടെ സ്‍കോറിങ് വേഗം വാനോളം ഉയര്‍ത്തി. എന്നാല്‍ 17 പന്തില്‍ 36 റണ്‍സുമായി പാണ്ഡ്യ വീണതോടെ മുംബൈയുടെ അമരത്ത് നായകന്‍ രോഹിത്ത് മാത്രമായി. തുണക്കെത്തിയവരെല്ലാം തുണക്കാതെ തീരത്തണഞ്ഞതോടെ രോഹിത്തിന്റെ ഒറ്റയാള്‍ പോരാട്ടമായി അവസാന ഓവറുകളില്‍. എന്നാല്‍ അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ രോഹിത്തിന്റെ വിധി ഒരു കൂട്ടിയിടിയിലും റണ്ണൌട്ടിലും കലാശിച്ചതോടെ മുംബൈയുടെ ടോട്ടല്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 ല്‍ ഒതുങ്ങി. ഒപ്പം ഡെവിള്‍സ് പത്തു റണ്‍സിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു. ഡെവിള്‍സ് ഇന്നിങ്സിന്റെ നട്ടെല്ലായ സഞ്ജുവാണ് കളിയിലെ കേമന്‍.

TAGS :

Next Story