Quantcast

ശ്രീലങ്കന്‍ താരം മൈതാനത്ത് ഛര്‍ദ്ദിച്ചു, ദേശീയ നാണക്കേടായി ഡല്‍ഹിയിലെ വായുമലിനീകരണം

MediaOne Logo

Subin

  • Published:

    25 May 2018 5:42 PM GMT

ശ്രീലങ്കന്‍ താരം മൈതാനത്ത് ഛര്‍ദ്ദിച്ചു, ദേശീയ നാണക്കേടായി ഡല്‍ഹിയിലെ വായുമലിനീകരണം
X

ശ്രീലങ്കന്‍ താരം മൈതാനത്ത് ഛര്‍ദ്ദിച്ചു, ദേശീയ നാണക്കേടായി ഡല്‍ഹിയിലെ വായുമലിനീകരണം

തേഡ്മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലക്മല്‍ തുടര്‍ന്ന് മൈതാനത്ത് ഛര്‍ദ്ദിച്ചതോടെ ഫിസിയോ എത്തി...

രാജ്യത്തിനും ക്രിക്കറ്റിനും ഏറെ അഭിമാനിക്കാവുന്ന വാര്‍ത്തകളല്ല തലസ്ഥാനമായ ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്‌ല മൈതാനത്തു നിന്നും വരുന്നത്. ഡല്‍ഹിയിലെ കുപ്രസിദ്ധമായ പുകമഞ്ഞ് ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ മാത്രമല്ല കളിക്കളത്തിലും ഇടപെട്ടു തുടങ്ങിയിരിക്കുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടെ സുരങ്ക ലക്മല്‍ മൈതാനത്ത് ഛര്‍ദ്ദിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. മഞ്ഞുകാലത്ത് ഡല്‍ഹിയില്‍ ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാനുള്ള സാധ്യത പോലും വിരളമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

ഇന്ത്യയുടെ രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങ് ആറാം ഓവറിലെത്തിയപ്പോഴാണ് പേസ് ബൗളര്‍ ലക്മല്‍ അസ്വസ്ഥത പ്രകടിപ്പിച്ച് മൈതാനത്തിരുന്നത്. തേഡ്മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലക്മല്‍ തുടര്‍ന്ന് മൈതാനത്ത് ഛര്‍ദ്ദിച്ചതോടെ ഫിസിയോ എത്തി പരിചരിക്കുകയും ചെയ്തു. ലക്മലിന് പകരക്കാരനായെത്തിയ ഫീല്‍ഡര്‍ ദാസുന്‍ സനക അടക്കം നിരവധി ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് കളത്തിലിറങ്ങിയത്. ഞായറാഴ്ച്ച ഇന്ത്യയുടെ ബാറ്റിംങിനിടെ മൂന്ന് തവണയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായ പുകമഞ്ഞിനെ തുടര്‍ന്ന് ടെസ്റ്റ് മത്സരം തടസപ്പെട്ടത്.

ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ശ്രീലങ്കന്‍ കളിക്കാരില്‍ അഞ്ച് പേര്‍ മാസ്‌ക് ധരിച്ചാണ് ഫീല്‍ഡിലിറങ്ങിയിരുന്നത്. 12.32ന് പേസ് ബൗളര്‍ ലഹിരു ഗാമേജ് ശ്വാസമെടുക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ടീം ഫിസിയോ വന്ന് നോക്കിയ ശേഷമാണ് കളി തുടര്‍ന്നത് 17 മിനുറ്റോളം ആ സമയത്ത് കളി തടസപ്പെട്ടിരുന്നു. കളി പുനരാരംഭിച്ച് വൈകാതെ വീണ്ടും തടസപ്പെട്ടു. ഇത്തവണ മറ്റൊരു പേസ് ബൗളറായ സുരങ്ക ലക്മലാണ് കളി തുടരാനാകാതെ കുഴഞ്ഞുപോയത്. ഉച്ചക്ക് 01.28ഓടെ ലക്മല്‍ ഫീല്‍ഡില്‍ നിന്ന് കയറുകയും ശ്രീലങ്ക പത്തുപേരുമായി കളി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.

Smog? Pollution? What's happening? https://t.co/N71BIF8yGE

— subin (@zubahan) December 3, 2017

തങ്ങളുടെ കളിക്കാരുടെ ബുദ്ധിമുട്ടിനെപ്പറ്റി ലങ്കന്‍ ക്യാപ്റ്റന്‍ അമ്പയര്‍മാരുമായി പങ്കുവെക്കുന്നുണ്ടായിരുന്നു. ശ്രീലങ്കന്‍ മാനേജര്‍ ഫീല്‍ഡിലെത്തി അമ്പയര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ക്യാമ്പും സജീവമാവുകയും പരിശീലകന്‍ രവിശാസ്ത്രി തന്നെ ഫീല്‍ഡ് അമ്പയര്‍മാരുമായി ചര്‍ച്ചക്കെത്തുകയും ചെയ്തു. മത്സരം തുടരുന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ബൗളിങിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും മാസ്‌ക് ധരിച്ചിരുന്നില്ല. ഫീല്‍ഡ് അമ്പയര്‍മാരും നാലാം ദിവസത്തിലെത്തിയ ടെസ്റ്റില്‍ ഒരിക്കല്‍ പോലും മാസ്‌ക് ധരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കന്‍ ടീമിന്റെ പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും വിഷയം ഗൗരവത്തിലെടുക്കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മഞ്ഞുകാലത്ത് ഡല്‍ഹിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കുമ്പോള്‍ ഈ പുകമഞ്ഞുകൂടി കണക്കിലെടുക്കുമെന്നാണ് ബിസിസിഐ ആക്ടിംങ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.

കുറച്ചുവര്‍ഷങ്ങളായി തണുപ്പുകാലത്തെ അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും ഡല്‍ഹിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ നവംബറില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായി. സ്‌കൂളുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിടുകയും ചെയ്തു. സ്‌മോഗിനെ തുടര്‍ന്ന് വാഹനാപകടങ്ങളും തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം ബംഗാളും ഗുജറാത്തും തമ്മിലുള്ള രഞ്ജി മത്സരം സ്‌മോഗിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലെ പുകമഞ്ഞ്(സ്‌മോഗ്) ഒരു ദിവസം ശ്വസിക്കുന്നത് 44 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

TAGS :

Next Story