Quantcast

വിന്‍ഡീസ് ചാമ്പ്യന്‍മാര്‍

MediaOne Logo

admin

  • Published:

    1 Jun 2018 3:34 PM GMT

വിന്‍ഡീസ് ചാമ്പ്യന്‍മാര്‍
X

വിന്‍ഡീസ് ചാമ്പ്യന്‍മാര്‍

ട്വന്റി 20 ലോകകപ്പ് കലാശപ്പോരില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് നാലു വിക്കറ്റ് വിജയം.

വാനോളം ആവേശം... ഇങ്ങനെ വിശേഷിപ്പിക്കാം വെസ്റ്റിന്‍ഡീസിന്റെ കിരീടനേട്ടത്തെ. ട്വന്റി 20 ലോകകപ്പ് കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കി കിരീടത്തില്‍ മുത്തമിട്ട കരീബിയന്‍ പോരാളികളുടെ പോരാട്ടവീര്യം അനിര്‍വചനീയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ കിരീടം ഉയര്‍ത്തി.

കളിയുടെ വിധി നിര്‍ണയിച്ചത് അവസാന ഓവര്‍. ആറു പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. ഇംഗ്ലീഷ് നായകന്‍ പന്ത് വിശ്വസിച്ചേല്‍പ്പിച്ചത് സ്റ്റോക്സിനെയായിരുന്നു. തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന വിന്‍ഡീസിന് വേണ്ടി ബാറ്റേന്തിയത് ബ്രാത്ത്‍വെയ്‍റ്റ് എന്ന 27 കാരന്‍. ബ്രാവോയും സമിയും റസലുമെല്ലാം മുട്ടുമടക്കിയിടത്ത് കളംനിറ‍ഞ്ഞുകളിച്ച സാമുല്‍സിന് തുണയായി ക്രീസിലെത്തിയതായിരുന്നു ബ്രാത്ത്‍വെയ്റ്റ്. എന്നാല്‍ സ്റ്റോക്സിന്റെ ആദ്യ പന്ത് തന്നെ ഗാലറിയിലേക്ക് പറത്തി ബ്രാത്ത്‍വെയ്റ്റ് നയം വ്യക്തമാക്കി. രണ്ടാമത്തെ പന്ത് ബ്രാത്ത്‍വെയ്റ്റിന്റെ ബാറ്റില്‍ നിന്നു ലോങ്ഓണിലേക്ക് പറന്നിറങ്ങിയതോടെ വിന്‍ഡീസിന്റെ ആവേശം കൊടുമുടിയോളം. മൂന്നാമത്തെ പന്തും ഗാലറിയില്‍ എത്തിച്ചതോടെ ബ്രാത്ത്‍െവയ്റ്റ് വിന്‍ഡീസിന്റെ ഭാഗ്യതാരമായി. വിജയത്തിലേക്ക് ഒരു റണ്‍സ് മാത്രം ശേഷിക്കെ നാലാമത്തെ പന്തും ആരാധകര്‍ക്കിടയിലെത്തിച്ച് ബ്രാത്ത്‍വെയ്റ്റ് വിജയകാഹളം മുഴക്കി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്നു സൂര്യനസ്‍തമിക്കാത്ത നാടു വരെ മുഴങ്ങിക്കേള്‍ക്കുന്ന കാഹളം.

ആദ്യം ബാറ്റു ചെയ്തപ്പോള്‍ ഇംഗ്ലണ്ട് നിര നേരിട്ട അതേ ബാറ്റിങ് തകര്‍ച്ച തന്നെയായിരുന്നു വിന്‍ഡീനുമുണ്ടായത്. ഇംഗ്ലണ്ടിന്റെ പക്ഷത്ത് ജോ റൂട്ട് ആയിരുന്നെങ്കില്‍ ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോഴും വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത് സാമുവല്‍സായിരുന്നു. ബ്രാത്ത്‍വെയ്റ്റിന്റെ വീരഗാഥയില്‍ ഒട്ടും ശോഭ മങ്ങാത്ത ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ് പ്രകടനം. 66 പന്തുകളില്‍ നിന്നു 85 റണ്‍സുമായി വിന്‍ഡീസിനെ വിജയത്തീരത്തേക്ക് അടുപ്പിച്ച സാമുവല്‍സിന്റെ പൂര്‍ണപിന്തുണയോടെയായിരുന്നു ബ്രാത്ത്‍വെയ്‍റ്റിന്റെ മദമിളകിയ പ്രകടനം. ക്രിസ് ഗെയില്‍(4) എന്ന കൂറ്റനടിക്കാരന്‍ മാത്രമല്ല, വിന്‍ഡീസ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ട മത്സരമായിരുന്നു കലാശപ്പോര്. പത്തു പന്തുകള്‍ നേരിട്ട് 34 റണ്‍സ് അടിച്ചുകൂട്ടിയ ബ്രാത്ത്‍വെയ്റ്റാണ് വിന്‍ഡീസിന്റെ വിജയശില്‍പി. ബ്രാവോ 25 റണ്‍സെടുത്തു. അവസാനം വരെ വിന്‍ഡീസിന് വേണ്ടി പോരാടിയ സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന് വേണ്ടി വില്ലി മൂന്നും റൂട്ട് രണ്ടു വിക്കറ്റും വീഴ്‍ത്തി.

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യയെ കീഴടക്കി എത്തിയ വിന്‍ഡീസും ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ സെമിയിലെത്തിയ ന്യൂസിഡന്‍ഡിനെ കീഴടക്കിയ ഇംഗ്ലണ്ടും കിരീടപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കിരീബിയന്‍ ബോളര്‍മാരുടെ ആക്രമണത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു ജോ റൂട്ടിന്റെ തോളിലേറി കുതിച്ച ഇംഗ്ലീഷ് പടയുടെ കുതിപ്പ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു.

കേവലം എട്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ കൂടാരം കയറ്റിയാണ് വിന്‍ഡീസ് ബോളര്‍മാര്‍ കരുത്ത് തെളിയിച്ചത്. അക്കൌണ്ട് തുറക്കാതെ ജേസന്‍ റോയിയും ഒരു റണ്ണുമായി അലക്സ് ഹെയില്‍സും പുറത്തായി. റോയിയെ സാമുവല്‍ ബദ്രിയും ഹെയില്‍സിനെ ആന്ദ്രെ റസലുമാണ് പുറത്തേക്കുള്ള വഴി കാട്ടിയത്. സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് തെളിയുന്നതിനിടെ ഇയാന്‍ മോര്‍ഗനും(5) ബദ്രിയുടെ പന്തില്‍ ഗെയിലിന് പിടികൊടുത്ത് മടങ്ങി. ഇതോടെ ഇംഗ്ലണ്ടിന്റെ അന്ത്യം കണക്കുകൂട്ടിയവര്‍ക്ക് മറുപടി കൊടുത്തായിരുന്നു ജോ റൂട്ടിന്റെയും ബട്ട്‍ലറിന്റെയും ബാറ്റിങ് വെടിക്കെട്ട്. ആവേശത്തിന് കടിഞ്ഞാണ്‍ കൊടുക്കാതെ ബൌണ്ടറികള്‍ മാത്രം ലക്ഷ്യമിട്ട് തന്ത്രമൊരുക്കിയ റൂട്ടും കൂറ്റനടികളുമായി ബട്ട്‍ലറും കൂടി കൈകോര്‍ത്തതോടെ ഇംഗ്ലണ്ടിന്റെ സ്‍കോര്‍ കുതിച്ചു. എന്നാല്‍ 84 ല്‍ നില്‍ക്കുമ്പോള്‍ ബട്ട്‍ലര്‍(36) വീണതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിസന്ധിയിലായി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് ഔളൌട്ടാകുമെന്ന് തോന്നിച്ചു. 36 പന്തില്‍ 54 റണ്‍സുമായി റൂട്ടും ക്രീസില്‍ നിന്നു നടന്നകന്നതോടെ കരീബിയന്‍ ടീമിന് മുന്‍തൂക്കം. അവസാന ഓവറുകളില്‍ പിടിച്ചുനില്‍ക്കാന്‍ ജോര്‍ദന്‍ ബാറ്റേന്തിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 155 ല്‍ എത്തി. വിന്‍ഡീസിന് വേണ്ടി ഡെയ്‍ന്‍ ബ്രാവോയും കാര്‍ലോസ് ബ്രാത്ത്‍വെയ്റ്റും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‍ത്തി. ബദ്രി രണ്ടു വിക്കറ്റ് നേടി.

TAGS :

Next Story