Quantcast

ഈജിപ്തിനെ തകര്‍ത്ത് റഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യ ഈജിപ്തിനെ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    20 Jun 2018 1:43 AM GMT

ഈജിപ്തിനെ തകര്‍ത്ത് റഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക്
X

ലോകകപ്പ് ഫുട്ബോളില്‍ ഈജിപ്തിനെ തകര്‍ത്ത് ആതിഥേയരായ റഷ്യ പ്രീ ക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യ ഈജിപ്തിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരവും തോറ്റതോടെ ഈജിപ്തിന്റെ നോക്കൌട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.

സൌദിക്കെതിരെ എതിരില്ലാത്ത 5 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ റഷ്യ ഈജിപ്തിനെ പൂര്‍ണ്ണമായും നിഷ്‍പ്രഭമാക്കിയാണ് നിര്‍ണ്ണായകമായ രണ്ടാം വിജയം നേടിയത്. കളിയുടെ തുടക്കം മുതല്‍ അതിവേഗ ഫുട്ബോളിലൂടെ റഷ്യ ഈജിപ്ഷ്യന്‍ ഗോള്‍ മുഖം ആക്രമിച്ചു. എങ്കിലും ആദ്യ പകുതിയില്‍ പിടിച്ചുനില്‍ക്കാനും ചില ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും ഈജിപ്തിനായി.

ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. യഥാര്‍ഥ കളി റഷ്യ പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനിറ്റില്‍ അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നിലെത്തി. 59ആം മിനുട്ടിലെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ചെറിഷേവ് ലീഡ് ഉയര്‍ത്തി. മുന്നേറ്റ താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ മൂന്നാം ഗോള്‍.

രണ്ട് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഈജിപ്ത് മോചിതരാകും മുന്‍പേ തന്നെ റഷ്യ അടുത്ത നിറയൊഴിച്ചു. 62ആം മിനിറ്റില്‍ ആര്‍ട്ടെം സ്യൂബയുടെ വകയായിരുന്നു അത്. മൂന്ന് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഈജിപ്തിന്റെ മുന്നേറ്റം 73ആം മിനിറ്റില്‍ ഫലം കണ്ടു. പെനല്‍റ്റി ബോക്സില്‍ തന്നെ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു. പരിക്കേറ്റ് ആദ്യ മത്സരത്തിനിറങ്ങാതിരുന്ന സലയുടെ ആദ്യ ലോകകപ്പ് ഗോള്‍.

അവസാന 15 മിനുട്ടില്‍, ഗോളുകള്‍ തിരിച്ചടക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ റഷ്യന്‍ പ്രതിരോധം സമര്‍ത്ഥമായി നേരിട്ടു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആതിഥേയര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടാം തോല്‍വിയോടെ ആഫ്രിക്കന്‍ കരുത്തര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നു.

TAGS :

Next Story