Quantcast

ഫെയര്‍ പ്ലേ രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫിഫ

ജപ്പാന്‍ ഫെയര്‍ പ്ലേ പോയിന്റിന്റെ അടിസ്ഥാനത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ സാഹചര്യത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് ഫിഫയുടെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    30 Jun 2018 2:49 AM GMT

ഫെയര്‍ പ്ലേ രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫിഫ
X

ലോകകപ്പില്‍ ഫെയര്‍ പ്ലേ രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫിഫ. ജപ്പാന്‍ ഫെയര്‍ പ്ലേ പോയിന്റിന്റെ അടിസ്ഥാനത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ സാഹചര്യത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് ഫിഫയുടെ വിശദീകരണം.

ഈ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിച്ചത് ഫെയര്‍ പ്ലേ പോയിന്റിന്റെ ബലത്തിലായിരുന്നു. മൈതാനത്തെ അച്ചടക്കത്തിന്റെ ബലത്തില്‍ സെനഗലിനെ മറികടന്ന് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. മത്സര ശേഷം ഫെയര്‍ പ്ലേ പോയിന്റിന്റെയും അതിന്റെ മാര്‍ഗരേഖയെയും കുറിച്ച് പല രീതിയിലുള്ള വാര്‍ത്തകളും വന്നു. ഈ സാഹചര്യത്തിലാണ് ഫിഫ നിലപാട് അറിയിച്ചത്. ഫെയര്‍ പ്ലേ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫിഫ പറയുന്നത്.

ഗ്രൂപ്പ് എച്ചില്‍ സെനഗിലിന് ആറും ജപ്പാന് നാലും മഞ്ഞാക്കാര്‍ഡാണ് ലഭിച്ചിരുന്നത്. ഫെയര്‍ പ്ലേ നിയമം അനുസരിച്ച് ആദ്യ മഞ്ഞക്കാര്‍ഡിന് ഒരു മൈനസ് പോയിന്റും രണ്ടാം മഞ്ഞക്കാര്‍ഡിന് മൈനസ് മൂന്ന് പോയിന്റും നേരിട്ടുള്ള ചുവപ്പ് കാര്‍ഡിന് മൈനസ് നാല് പോയിന്റും മഞ്ഞയും നേരിട്ടുള്ള ചുവപ്പ് കാര്‍ഡുമാണെങ്കില്‍ മൈനസ് അഞ്ചു പോയിന്റുമാണ് പിഴ. ഇതനുസരിച്ച് ജപ്പാന്റെ സ്‌കോര്‍ മൈനസ് നാലും സെനഗലിന്റേത് മൈനസ് ആറുമാണ്. സെനഗില്‍ പുറത്തായതിന് പിന്നാലെ പരിശീലകന്‍ അലിയു സിസെ പരിഭവം രേഖപ്പെടുത്തി. ഫെയര്‍ പ്ലേ തങ്ങള്‍ക്ക് വിനയായെന്നും മറ്റൊരു രീതിയില്‍ പുറത്താകുന്നതായിരുന്നു ഇതിനേക്കാള്‍ നല്ലതെന്നും പറഞ്ഞു. നിയമത്തെ മാനിക്കുന്നുവെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story