Quantcast

ഇന്ന് സ്പെയിന്‍ - റഷ്യ, ക്രൊയേഷ്യ - ഡെന്മാര്‍ക്ക് പോരാട്ടങ്ങള്‍

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് സ്പെയിന്‍ ആതിഥേയരായ റഷ്യയെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും നേരിടും.

MediaOne Logo

Web Desk

  • Published:

    1 July 2018 2:40 AM GMT

ഇന്ന് സ്പെയിന്‍ - റഷ്യ, ക്രൊയേഷ്യ - ഡെന്മാര്‍ക്ക് പോരാട്ടങ്ങള്‍
X

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് സ്പെയിന്‍ ആതിഥേയരായ റഷ്യയെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും നേരിടും. രാത്രി 7.30 ന് ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് സ്പെയിന്‍ - റഷ്യ മത്സരം. രാത്രി 11.30ന് നിഷ്നി നോവ്ഗോഡ് സ്റ്റേഡിയത്തിലാണ് ക്രൊയേഷ്യ - ഡെന്മാര്‍ക്ക് മത്സരം.

ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാരാണ് മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന്‍. യുറൂഗ്വെ, സൌദി, ഈജിപ്ത് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാമതെത്തിയവരാണ് ആതിഥേയരായ റഷ്യ. സ്പാനിഷ് ലീഗില്‍ അതിമനോഹരമായ കളി മെനയുന്ന ഒരു പിടി താരങ്ങളുടെ പറ്റമാണെങ്കിലും ഗ്രൂപ്പ് റൌണ്ടില്‍ മികച്ച കളി പുറത്തെടുക്കാന്‍ സ്പെയ്നിനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളായിരുന്നു പ്രധാന വില്ലന്‍. കൂടാതെ പ്രതിരോധത്തിലെ വിള്ളലുകളും. മൂന്ന് ഗോളുകളുമായി ഗോള്‍ഡണ്‍ ബൂട്ടിനായി മത്സരിക്കുന്ന ഡീഗോ കോസ്റ്റ സ്പാനിഷ് നിരയിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

മറുവശത്ത് സ്വന്തം നാട്ടില്‍ വിരുന്നെത്തിയ ലോകകപ്പില്‍ അതിശയിപ്പിക്കുന്ന പ്രകടനവുമായി തുടങ്ങിയവരാണ് റഷ്യ. ഗ്രൂപ്പ് റൌണ്ടില്‍ അടിച്ചുകൂട്ടിയത് എട്ട് ഗോളുകളാണ്. ചെറിഷേവ് എന്ന താരമാണ് ടീമിന്റെ തുറുപ്പു ചീട്ട്. ഇന്ന് മോസ്കോയില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലിറങ്ങുമ്പോള്‍ സ്വന്തം കാണികളുടെ പിന്തുണ അവര്‍ക്കുണ്ട്. തോറ്റാലും അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ ഒരു അട്ടിമറി ജയം നല്‍കിയേക്കുക മുന്നോട്ടുള്ള സ്വപ്നതുല്യമായ യാത്രക്കുള്ള പ്രതീക്ഷയാകും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം സ്പെയിനിനെ തകര്‍ക്കാന്‍ റഷ്യക്കായിട്ടില്ല.

ഇന്ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ഡെന്മാര്‍ക്കിനെ നേരിടും. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ടീമുകളില്‍ മുന്നില്‍ തന്നെയാണ് ക്രൊയേഷ്യ. അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ചാംപ്യന്മാരാണ് അവര്‍. ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. മൂന്ന് മത്സരവും ജയിച്ചു. അര്‍ജന്റീനയെ മൂന്ന് ഗോളിന് തകര്‍ക്കുകയും ചെയ്തു. ഐസ്‍ലാന്‍ഡിനെതിരായ അവസാന മത്സരത്തില്‍ വിശ്രമം നല്കിയ പ്രധാന താരങ്ങളെയെല്ലാം ഇന്നിറക്കും.

ലൂക്കാ മോഡ്രിച്ച്, റാകിടിച്ച്, മാന്‍ഡിസുകിച്ച്, പെരിസിച്ച് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ. 1998ല്‍ ലോകകപ്പ് സെമി കളിച്ച ക്രൊയേഷ്യക്ക് പിന്നീട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. ഇത്തവണ പ്രീ ക്വാര്‍ട്ടര്‍ കടക്കാനുള്ള താരബലവും കളി ശൈലിയും അവര്‍ക്കുണ്ടെന്നതില്‍ സംശയമില്ല. മികച്ച മധ്യനിരയും ആക്രണമവും അവരുടെ കരുത്താണ്.

ഡെന്മാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് സിയില്‍ മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായ ക്രിസ്റ്റ്യന്‍ എറിക്സണാണ് ശ്രദ്ധേയ താരം. ഇന്ന് നിര്‍ണായകമായ പല മാറ്റങ്ങളും ഡെന്മാര്‍ക്ക് നിരയില്‍ ഉണ്ടായേക്കാം. ഇത് ആറാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്.

TAGS :

Next Story