Quantcast

താരങ്ങളെ കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്

ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ, മലയാളി താരങ്ങളായ സി.കെ വിനീത്, അനസ് എടത്തൊടിക എന്നിവരെയടക്കം ടീം ഒഴിവാക്കും

MediaOne Logo

Web Desk

  • Published:

    6 Jan 2019 9:01 AM IST

താരങ്ങളെ കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്
X

ഐ.എസ്.എൽ സീസണിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ടീമിൽ സമൂല അഴിച്ച് പണിയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ, മലയാളി താരങ്ങളായ സി.കെ വിനീത്, അനസ് എടത്തൊടിക എന്നിവരെയടക്കം ടീം ഒഴിവാക്കും. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് സൂപ്പർ താരങ്ങളെയടക്കം ടീം മാനേജ്മെന്റ് ഒഴിവാക്കുന്നതെന്നാണ് സൂചന.

ഐ.എസ്.എൽ അഞ്ചാം സീസണിലെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെ ടീമിൽ കാര്യമായ അഴിച്ച് പണിയുണ്ടാകുമെന്ന് നേരത്തെ തന്നെ ശ്രുതി പടർന്നിരുന്നു. ടീമിന്റെ തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് കൂടി രാജിവച്ചതോടെയാണ് കാര്യമായ മാറ്റങ്ങൾക്ക് മാനേജ്മെന്റ് തയ്യാറാവുന്നത്. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ, സി.കെ വിനീത്, അനസ് എടത്തൊടിക , ഹളി ചരൺ നർസാരി എന്നിവരെയാണ് മാനേജ്മെന്റ് ആദ്യഘട്ടത്തിൽ ഒഴിവാക്കുക.

ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ കൊൽക്കത്താ ടീമായ എ .ടി .കെയിലേക്കും വിനീതും നർസാരിയും ചെന്നെയ്ൻ എഫ്.സിയിലേക്കും അനസ് എടതൊടിക എഫ്.സി പൂനെയ് സിറ്റിയിലേക്കും കൂടുമാറുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അതേസമയം ഐ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ക്ലബിലേക്കെത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.

വലിയ തുക പ്രതിഫലം പറ്റുന്ന സൂപ്പർ താരങ്ങളെ ഒഴിവാക്കി പ്രതിഭയുള്ള യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. ജനുവരിയിലെ ട്രാൻസ്ഫർ വിന്റോയിലൂടെ കഴിവുള്ള വിദേശ താരങ്ങളെയടക്കം ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ മാനേജ്മെന്റ് നേരത്തെ ആരംഭിച്ചിരുന്നു. പ്ലേ ഓഫ് പ്രതീക്ഷകൾ നഷ്ടമായെങ്കിലും ടീമിലെ സമൂലമായ മാറ്റത്തിലൂടെ സീസണിലെ രണ്ടാം ഘട്ടത്തിൽ ഉജ്വലമായി തിരിച്ച് വരാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരുക്കൾ നീക്കുന്നത്.

Next Story