Quantcast

മൈക്ക് ടൈസണ്‍(53) ബോക്‌സിങ് റിങിലേക്ക്... ചിരിക്കും മുമ്പ് ഈ വീഡിയോ കണ്ടു നോക്കൂ

ഇരുപതാം വയസില്‍ ലോക ചാമ്പ്യനായ ആളാണ് അയണ്‍ മൈക്ക് എന്ന് വിളിപ്പേരുള്ള മൈക്ക് ടൈസണ്‍. ഇതുവരെ ആ റെക്കോഡ് മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ല...

MediaOne Logo

  • Published:

    2 May 2020 10:16 AM GMT

മൈക്ക് ടൈസണ്‍(53) ബോക്‌സിങ് റിങിലേക്ക്... ചിരിക്കും മുമ്പ് ഈ വീഡിയോ കണ്ടു നോക്കൂ
X

മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ് വയസ് 53 കഴിഞ്ഞു. എങ്കിലും അദ്ദേഹം ബോക്‌സിങ് റിങിലേക്കുള്ള തിരിച്ചുവരവാണ് സ്വപ്‌നം കാണുന്നത്. വെറുതേ സ്വപ്‌നം കാണുകയല്ല, അതിനായുള്ള കഠിന പരിശീലനത്തിലുമാണ്. ടൈസന്റെ ഈ പരിശീലന വീഡിയോ കാണുന്ന ആര്‍ക്കും തിരിച്ചുവരവ് വാര്‍ത്തകളെ ചിരിച്ചുതള്ളാനാകില്ല.

രണ്ട് കൈ കൊണ്ടും അതിവേഗത്തില്‍ എതിരാളികളെ ഇടിച്ചിടുന്ന അതിനേക്കാള്‍ വേഗത്തില്‍ ഇടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ടൈസന്‍ പഴയ അതേ ആവേശത്തിലാണ് പരിശീലനം നടത്തുന്നത്. പ്രായം 53ആയെങ്കിലും ടൈസന്റെ കയ്യകലത്തില്‍ പോകാന്‍ ആരുമൊന്ന് മടിക്കുംവിധമുള്ള പഞ്ചുകളാണ് അദ്ദേഹം നടത്തുന്നത്.

ഇരുപതാം വയസില്‍ ലോക ചാമ്പ്യനായ ആളാണ് അയണ്‍ മൈക്ക് എന്ന് വിളിപ്പേരുള്ള മൈക്ക് ടൈസണ്‍. ഇതുവരെ ആ റെക്കോഡ് മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ല. പിന്നീട് 20 വര്‍ഷം നീണ്ട കരിയറിനിടെ 50 എതിരാളികളില്‍ 44 പേരേയും ഇടിക്കൂട്ടില്‍ ഇടിച്ചുവീഴ്ത്തി നോക്കൗട്ട് ജയം നേടിയ ബോക്‌സര്‍. ആറ് ആഴ്ച്ച പരിശീലനമുണ്ടെങ്കില്‍ ടൈസണ് ഇപ്പോഴും റിങിലെത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്‍ പരിശീലകന്‍ പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ബോക്‌സിങ് റിങിലേക്ക് താന്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണെന്ന് മൈക്ക് ടൈസണ്‍ പറഞ്ഞത്. ഇതിനായി രണ്ട് മണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങളും സൈക്കിളിലും ട്രഡ്മില്ലിലും ഒരു മണിക്കൂര്‍ വീതവും പ്രതിദിനം ചെയ്യുന്നുണ്ട്. പിന്നെ ഭാരമെടുത്തും അല്ലാതെയുമുള്ള ചില വ്യായാമങ്ങള്‍ 300, 250 തവണ ആവര്‍ത്തിക്കുന്നുണ്ടെന്നും അതിന് ശേഷം അര മണിക്കൂര്‍ ബോക്‌സിങ് റിങില്‍ പരിശീലിക്കുന്നുവെന്നും ടൈസണ്‍ പറഞ്ഞു.

മൈക്ക് ടൈസണ്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നാല് റൗണ്ട് ബോക്‌സിങ് മത്സരത്തിലായിരിക്കും ടൈസണ്‍ എത്തുക. വീടില്ലാത്തവരേയും മയക്കുമരുന്നിന് അടിമപ്പെട്ടവരേയും സഹായിക്കാനാണ് പ്രദര്‍ശനം മത്സരം. എതിരാളി ആരായാലും വെറുതേയൊരു പ്രദര്‍ശന മത്സരമാകില്ലെന്ന് ഉറപ്പു നല്‍കുന്ന പരിശീലനമാണ് ടൈസണ്‍ നടത്തുന്നത്. അതുകൊണ്ടാണ് താന്‍ ഇപ്പോഴേ ആവേശത്തിലായെന്നും 12 റൗണ്ട് ബോക്‌സിങിന് മൈക്ക് ടൈസണ്‍ തയ്യാറാണെന്നും പരിശീലന വീഡിയോ യു.എഫ്.സി കമന്റേറ്റര്‍ ജോ റോഗന്‍ പ്രതികരിച്ചത്.

TAGS :

Next Story