Quantcast

മുഹമ്മദന്‍സിനെ വീഴ്ത്തി ഗോകുലം; ഐ ലീഗ് ചരിത്രത്തില്‍ ആദ്യ കിരീടനേട്ടത്തിനരികെ കേരളം

ഇന്ന് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ഗോവയുമായി നടന്ന മത്സരത്തില്‍ (2-1)ന് വിജയിച്ചതോടെയാണ് ഗോകുലം എഫ്.സി ചരിത്രനേട്ടത്തിന് തൊട്ടരികെ എത്തിയത്.

MediaOne Logo

Web Desk

  • Published:

    21 March 2021 1:24 PM GMT

മുഹമ്മദന്‍സിനെ വീഴ്ത്തി ഗോകുലം; ഐ ലീഗ് ചരിത്രത്തില്‍ ആദ്യ കിരീടനേട്ടത്തിനരികെ കേരളം
X

ചരിത്ര നേട്ടത്തിന് തൊട്ടരികെ ഗോകുലം കേരള എഫ്.സി. ഇന്ന് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ഗോവയുമായി നടന്ന മത്സരത്തില്‍ (2-1)ന് വിജയിച്ചതോടെയാണ് ഗോകുലം എഫ്.സി ചരിത്രനേട്ടത്തിന് തൊട്ടരികെ എത്തിയത്. ജയത്തോടെ ചരിത്രത്തിൽ ഒരു കേരള ടീമിനും സാധിച്ചിട്ടില്ലാത്ത അപൂർവ്വ നേട്ടത്തിന് അടുത്ത് എത്തിയിരിക്കുകയാണ് കേരളത്തിന്‍റെ ഇഷ്ട ക്ലബായ ഗോകുലം . ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ഗോകുലം ഐ ലീഗിൽ ഒന്നാം സ്ഥാനത്തേക്കെത്തി.

മിന്നുന്ന ഫോമിലുള്ള ഡെനി ആന്‍റ്വിയുടെ ഇരട്ട ഗോളുകൾ ആണ് ഗോകുലം കേരളക്ക് വിജയം സമ്മാനിച്ചത്. എതിര്‍ ബോക്സില്‍ അറ്റാക്ക് ചെയ്തു തന്നെ തുടങ്ങിയ ഗോകുലം കേരള കളിയുടെ 19ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. തനിക്ക് ലഭിച്ച പന്ത് നെഞ്ചു കൊണ്ട് നിയന്ത്രണത്തിലാക്കി മനോഹരമായ വോളിയിലൂടെ ആന്‍റ്വി മുഹമ്മദന്‍സിന്‍റെ വല കുലുക്കുകയായിരുന്നു.

15 മിനുട്ടിനകം ആന്‍റ്വി പിന്നെയും മുഹമ്മദന്‍സിനെ ഞെട്ടിച്ചു. 33ആം മിനുട്ടിലായിരുന്നു അത്. ഇത്തവണ വളരെ ടൈറ്റായ ആങ്കിളിൽ നിന്നായിരുന്നു ആന്‍റ്വിയുടെ ഗോള്‍ വന്നത്. എണ്ണം പറഞ്ഞ ഷോട്ടുകളിലൂടെയായിരുന്നു ആന്‍റ്വിയുടെ രണ്ടു ഗോളും. അത് നോക്കി നിൽക്കാന്‍ മാത്രമേ മുഹമ്മദൻസിന്‍റെ ഗോള്‍ കീപ്പറായ പ്രിയന്തിനു കഴിഞ്ഞുള്ളൂ. കേരളത്തിന്‍റെ രണ്ട് ഗോള്‍ ലീഡ് 84ആം മിനുട്ട് വരെ നീണ്ടു നിന്നു.

84ാം മിനുട്ടിലെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച ഫ്ലിക്ക് ഹെഡറിലൂടെ സുജിത് സദുവാണ് മുഹമ്മദന്‍സിനായി ആശ്വാസ ഗോൾ നേടിയത്‌. ഗോള്‍ നേടിയതിനെ തുടര്‍ന്ന് ഗോകുലം സമ്മര്‍ദ്ദത്തിലായെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ പ്രതിരോധനിര ഉണര്‍ന്നുകളിച്ചതോടെ വിലപ്പെട്ട മൂന്ന് പോയിന്‍റ് ഉറപ്പിക്കാൻ കേരളത്തിനായി.

ഈ വിജയത്തോടെ ഗോകുലം കേരള ലീഗിൽ ഒന്നാമതെത്തി. ഇന്ന് ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ട്രൌ എഫ്.സിയും ചർച്ചിൽ ബ്രദേഴ്സും സമനിലയിൽ പിരിഞ്ഞതാണ് ഗോകുലത്തിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. ഗോകുലത്തിനും ചർച്ചിലിനും ട്രൌ എഫ്.സിക്കും 26 പോയിന്‍റ് വീതമാണ് ഇപ്പോൾ ഉള്ളത്. മികച്ച ഗോള്‍ ശരാശരിയില്‍ കേരളം ലീഗില്‍ ഒന്നാമതെത്തുകയായിരുന്നു. ശേഷിക്കുന്ന അവസാന മത്സരത്തിൽ ഗോകുലം കേരളയും ട്രൌവുവുമാണ് ഏറ്റുമുട്ടേണ്ടത്. അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ വിജയിച്ചാൽ ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തിക്കുന്ന ടീം എന്ന നേട്ടം ഗോകുലത്തിന് സ്വന്തമാകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story