ഇന്ത്യക്ക് 'ശുഭ' രാത്രി ; നാഗ്പൂര്‍ ഏകദിനത്തില്‍ നാല് വിക്കറ്റ് ജയം
ശുഭ്മാന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും അക്സര്‍ പട്ടേലിനും അര്‍ധ സെഞ്ച്വറി

നാഗ്പൂർ: ശ്രേയസ് അയ്യറും ശുഭ്മാൻ ഗില്ലും അക്‌സർ പട്ടേലും നിറഞ്ഞാടിയ നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 11 ഓവർ ബാക്കി നിൽക്കേ മറികടന്നു. ഗില്ലും അയ്യറും അക്‌സർ പട്ടേലും അർധ സെഞ്ച്വറി കുറിച്ച പോരാട്ടം അനായാസമാണ് ഇന്ത്യ കൈക്കലാക്കിയത്.
മറുപടി ബാറ്റിങ്ങിൽ അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളിനെ അഞ്ചാം ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. 15 റൺസായിരുന്നു ജയ്‌സ്വാളിന്റെ സമ്പാദ്യം. സാഖിബ് എറിഞ്ഞ ആറാം ഓവറിൽ അലക്ഷ്യമായൊരു ഷോട്ടിന് മുതിർന്ന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പിന്നീട് ക്രീസിൽ ഒന്നിച്ച ഗിൽ ശ്രേയസ് ജോഡി രക്ഷാധൗത്യം ഏറ്റെടുത്തു. ഇരുവരും ചേർന്ന് ചേർന്ന് മൂന്നാം വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
59 റൺസെടുത്ത അയ്യറെ ജേകബ് ബേതൽ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. അഞ്ചാമനായി ക്രീസിലെത്തിയ അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ചായി പിന്നെ ഗില്ലിന്റെ പോരാട്ടം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ച്വറിക്കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ വിജയതീരത്തോടടുത്തിരുന്നു. 47 പന്തിൽ 52 റൺസെടുത്ത അക്‌സറിനെ റാഷിദ് ഖാനാണ് കൂടാരം കയറ്റിയത്. ഗില്‍ പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ജഡേജയും ഹര്‍ദികും ചേര്‍ന്ന് അപകടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരമണച്ചു. 96 പന്ത് നേരിട്ട ശുഭ്മാന്‍ ഗില്‍ 14 ഫോറിന്‍റെ അകമ്പടിയോടെ 87 റണ്‍സാണ് അടിച്ചെടുത്തത്.
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ജഡേജയും റാണയും
ഹർഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പോരില്‍ നിശ്ചിത 50 ഓവറിൽ പത്ത് വിക്കറ്റും നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് 248 റൺസാണെടുത്തത്. അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ജോസ് ബട്‌ലറും ജേകബ് ബേതലും ചേർന്നാണ് ഇംഗ്ലീഷ് സംഘത്തിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
കളിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഫിലിപ് സാൾട്ട് ടി20 മോഡിലാണ് ബാറ്റ് വീശിക്കൊണ്ടിരുന്നത്. എന്നാൽ ഡക്കറ്റുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് താരം റണ്ണൗട്ടായി. 43 റണ്‍സായിരുന്നു സാള്‍ട്ടിന്‍റെ സമ്പാദ്യം. പത്താം ഓവറിൽ ഒരു അതിശയ ക്യാച്ചിലൂടെ യശസ്വി ജയ്‌സ്വാൾ ഡക്കറ്റിനെ പറഞ്ഞയച്ചു. പിന്നീടെത്തിയ ഹാരി ബ്രൂക്കിനും ജോ റൂട്ടിനും അധികം സംഭാവനകളൊന്നും നൽകാനായില്ല.
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന ബേതൽ ബട്‌ലർ ജോഡി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 59 റൺസാണ് ഇംഗ്ലീഷ് സ്‌കോർബോർഡിൽ ചേർത്തത്. ബട്‌ലർ 67 പന്തിൽ നിന്ന് 52 റൺസെടുത്തപ്പോൾ ബേതൽ 64 പന്തിൽ നിന്ന് 51 റൺസെടുത്തു. അവസാന ഓവറുകളിൽ ജോഫ്ര ആർച്ചർ തകർത്തടിച്ച് തുടങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് വിനയായി.
Adjust Story Font
16

